അഡ്വ. സുരേഷ് കോശിയെ തെരഞ്ഞെടുത്തു
നിലയ്ക്കൽ: കേരളത്തിലെ ഒൻപത് എപ്പിസ്കോപ്പൽ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന്റെ പുതിയ ട്രഷററായി അഡ്വ. സുരേഷ് കോശിയെ തെരഞ്ഞെടുത്തു. ട്രഷററായിരുന്ന പരേതനായ എബ്രഹാം ഇട്ടി ചെറിയാന്റെ നിര്യാണത്തെ തുടർന്ന് നിലയ്ക്കൽ പള്ളിയിൽ ചേർന്ന എക്യുമെനിക്കൽ ട്രസ്റ്റ് യോഗത്തിലാണ് തിരഞ്ഞെടുപ്പ്.
ട്രസ്റ്റ് പ്രസിഡന്റും മലങ്കര മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനുമായ റൈറ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കേരളത്തിലെ ഒൻപത് സഭകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
യോഗാരംഭത്തിൽ പരേതനായ എബ്രഹാം ഇട്ടി ചെറിയാനെ അനുസ്മരിച്ചു. നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന്റെ ട്രഷററായും പബ്ലിക് ലൈബ്രറി പ്രസിഡന്റായും ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ സംഭാവനകളെ യോഗം നന്ദിയോടെ അനുസ്മരിച്ചു. ട്രസ്റ്റ് സെക്രട്ടറി റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ അനുസ്മരണപ്രസംഗം നടത്തി.
ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദിമോസ്, മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതയുടെ പ്രഥമ അധ്യക്ഷനും നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിന്റെ മുൻ വൈസ് പ്രസിഡന്റുമായ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, സീറോ മലബാർ സഭ കാഞ്ഞിരപ്പള്ളി രൂപത മുഖ്യവികാരി ജനറൽ ഫാ. ജോസഫ് വെള്ളമറ്റം, ഫാ. ജോർജ് തേക്കടയിൽ, ഫാ. ഷിബിൻ വർഗീസ്, നിലയ്ക്കൽ അഡ്മിനിസ്ട്രേറ്റർ ഫാ. ഷൈജു മാത്യു, പി.സി. ചെറിയാൻ, തോമസുകുട്ടി തേവരുമുറിയിൽ, പി.ജെ. എബ്രഹാം, ഡോ. എബ്രഹാം,ബോബി എബ്രഹാം, സജി വെള്ളവന്താനം എന്നിവർ പങ്കെടുത്തു.
മലങ്കര മാർത്തോമ്മാ സഭയുടെ മുൻ ട്രസ്റ്റിയായും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (NCCI)യുടെ മുൻ ദേശീയ ട്രസ്റ്റിയായും അഡ്വ. സുരേഷ് കോശി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ടി. എം. മാത്യു, ബിനു വാഴമുട്ടം, എബ്രഹാം മാത്യു പനച്ചമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
Nilakkal

