പത്തനംതിട്ട: കുടുംബശ്രീ ഭക്ഷ്യമേളയിലെ മാലിന്യത്തിൽ ഇനി പച്ചക്കറികൾ തഴച്ചുവളരും. ആയിരങ്ങൾക്ക് വിളമ്പിയശേഷം ശേഷിച്ച ഭക്ഷണമാലിന്യം ജൈവവളമാക്കി മാറ്റി ഹരിതകർമസേന. പത്തനംതിട്ടയിൽ നടന്ന ‘എന്റെ കേരളം പ്രദർശന വിപണന മേള’യിൽ കുടുംബശ്രീ ഒരുക്കിയ ഭക്ഷ്യമേളയിലെ അവശിഷ്ടങ്ങളാണ് ഹരിതകർമസേനയുടെ മേൽനോട്ടത്തിൽ ജൈവവളമാക്കിയത്.
മേള നടന്ന പത്തനംതിട്ടയിലെ ശബരിമല ഇടത്താവളത്തിൽ തന്നെയാണ് നഗരസഭയുടെ സഹായത്തോടെ ഹരിതകർമസേനാംഗങ്ങൾ ഭക്ഷണമാലിന്യം വളമാക്കുന്ന പ്രവൃത്തി നടത്തിയത്. ഇടത്താവളത്തിൽ ഉപയോഗശൂന്യമായി കിടന്ന റിങ്ങുകളും ബിന്നുകളുമടക്കം ഉപയോഗപ്പെടുത്തിയായിരുന്നു നിർമാണം.
ഈ ജൈവവളമുപയോഗിച്ച് കലക്റുടെ ഔദ്യോഗിക വസതിയിലെ തരിശ് ഭൂമിയിൽ പച്ചക്കറി കൃഷിയും ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ കലക്ടർ എസ്. പ്രേം കൃഷ്ണനും പത്തനംതിട്ട നഗരസഭാ അധ്യക്ഷൻ ടി സക്കീർ ഹുസൈനും ചേർന്ന് പച്ചക്കറിതൈ നട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ ഫാർമേഴ്സ് ക്ലബിന്റെ സഹകരണത്തോടെയാണ് ജൈവ പച്ചക്കറിത്തോട്ടം ഒരുക്കുന്നത്. ദിവസവും മറ്റു പ്രവർത്തനങ്ങൾക്ക് ശേഷം സേനാംഗങ്ങൾ ഇവിടം സന്ദർശിച്ച് പരിപാലനം ഉറപ്പ് വരുത്തും.
ഉറവിട മാലിന്യസംസ്കരണം ലക്ഷ്യമിട്ട് ഹരിതകർമസേന നടപ്പിലാക്കുന്ന ഫുഡ് സ്കേപ്പിങ് പദ്ധതിയായ ‘ജൈവജ്യോതി’യുടെ ഭാഗമാണ് ജൈവവള ഉൽപാദനം. മിനി സിവിൽ സ്റ്റേഷൻ, കലക്ടറേറ്റ്, എസ്.പി ഓഫിസ് എന്നിവിടങ്ങളിലെയെല്ലാം മാലിന്യം ഇങ്ങനെ ജൈവവളമാക്കുന്നുണ്ട്. ഇതുപയോഗിച്ച് കലക്ടറേറ്റിൽ നടത്തിയ മഞ്ഞൾകൃഷി വിളവെടുപ്പിന് തയാറായി.
മഞ്ഞൾ വിളവെടുക്കാൻ പാകമാകുമ്പോൾ മഞ്ഞൾ പൊടിയായി നഗരസഭ ബ്രാൻഡ് ചെയ്ത് വിൽപനക്ക് തയാറാക്കുമെന്ന് ചെയർമാൻ ടി സക്കീർ ഹുസൈൻ പറഞ്ഞു. രണ്ടാംഘട്ടമായി വില്ലേജ് ഓഫിസ് പരിസരത്ത് ഒരുക്കിയ പച്ചക്കറിത്തോട്ടത്തിലെ പച്ചക്കറികൾ ഹരിത കർമസേനയുടെ നേതൃത്വത്തിൽ ഓണത്തിന് വിൽപനക്കായി തയാറാക്കും.
അടുത്തഘട്ടമായി ബയോ ഗ്രീൻ മാന്വർ (പാം) എന്ന പേരിൽ നിർമിക്കുന്ന വളം ആവശ്യക്കാരിലെത്തിക്കാനും നഗരസഭ ആലോചിക്കുന്നുണ്ട്. കിലോക്ക് 20 രൂപ നിരക്കിൽ വിൽപന നടത്താനാണ് പദ്ധതി.
കലക്ടറുടെ വസതിയിൽ നടന്ന പച്ചക്കറി കൃഷി ഉദ്ഘാടനചടങ്ങിൽ നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ജെറി അലക്സ്, എ.ഡി.എം ബി. ജ്യോതി, വാർഡ് കൗൺസിലർ എസ്. ഷൈലജ, ക്ലീൻ സിറ്റി മാനേജർ എം.പി. വിനോദ് , ഹരിതകേരളം മിഷൻ ജില്ല കോർഡിനേറ്റർ ജി. അനിൽകുമാർ, കൃഷി ഓഫിസർ ഷിബി, നഗരസഭ ഹരിതശ്രീ ഫാർമേഴ്സ് ക്ലബ് സെക്രട്ടറി എം.കെ. ചന്ദ്രനാഥൻ നായർ, ശ്രീവിദ്യ ബാലൻ, സജീവ് കുമാർ, മഞ്ജു പി. സക്കറിയ, ഹരിതകർമസേന കൺസോർഷ്യം പ്രസിഡന്റ് ഷീന ബീവി, സെക്രട്ടറി ബിന്ദു സോമൻ, ഹരിത സഹായ സ്ഥാപനം ഗ്രീൻ വില്ലേജ് സീനിയർ പ്രോജക്ട് കോർഡിനേറ്റർ കെ.എസ്. പ്രസാദ് എന്നിവർ പങ്കെടുത്തു.
haritha-karma- sena