കടമ്മനിട്ടയിൽ വർഷങ്ങൾ പഴക്കമുള്ള സ്കൂൾ കെട്ടിടം തകർന്നുവീണു
പത്തനംതിട്ട: വർഷങ്ങൾ പഴക്കമുള്ള കടമ്മനിട്ട ഗവ. ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം തകർന്നുവീണു. രാത്രിയിൽ ആയതിനാൽ വൻ
അപകടം ഒഴിവായി. അപകടാവസ്ഥയെ തുടർന്ന് ഏതാനും നാളായി കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. പൊളിച്ചുമാറ്റാനുള്ള നടപടി ഇഴഞ്ഞുനീങ്ങുന്നതിടെയാണ് അപകടം. ഏകദേശം 80 വർഷത്തോളം പഴക്കമുള്ള ഓടിട്ട കെട്ടിടമാണിത്. രണ്ട് മുറികൾ നിശ്ശേഷം തകർന്നു.
കനത്ത മഴ സമയത്താണ് കെട്ടിടം തകർന്നത്. ഇതിന് സമീപത്തെ ഗ്രൗണ്ടിലാണ് കുട്ടികൾ കളിക്കുന്നത്. കുട്ടികൾ പകൽ സമയത്ത് ഇവിടെ
വിശ്രമിക്കാൻ കയറി നിൽക്കുമായിരുന്നു. അപകട നിലയിലായ കെട്ടിടം പൊളിച്ചുമാറ്റി സ്ഥലത്ത് മിനി സ്റ്റേഡിയം നിർമിക്കാൻ മുഖ്യമന്ത്രിയുടെ
നവകേരള സദസ്സിൽ ഉൾപ്പെടെ നാട്ടുകാർ അപേക്ഷ നൽകിയിരുന്നു.
ഇതിനുള്ള ടെൻഡർ നടപടികൾ നടന്നുവരുന്നതായി സ്കൂൾ ഹെഡ്മിസ്ട്രസ് ആർ. ശ്രീലത പറഞ്ഞു. ഈ മാസം 28നാണ് ലേലം വെച്ചിരിക്കുന്നത്. ഒമ്പത് ലക്ഷം രൂപയാണ് ലേലത്തുക. 1997ൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചത് മുതൽ തകർന്ന കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.
എട്ട് ബാച്ചുകളും ലാബും ഇവിടെയാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് 2022ലാണ് പുതിയ കെട്ടിടത്തിലക്ക് മാറിയത്. മൊത്തം 400 കുട്ടികൾ
പഠിക്കുന്നുണ്ട്.
മൂന്നുവർഷമായി കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയാണ്. ഏതുസമയവും തകർന്നു വീഴാവുന്ന അവസ്ഥയിലായതിനാൽ ആരും ഇവിടേക്ക് പോകരുതെന്ന് കുട്ടികൾക്ക് അധ്യാപകർ മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ രാത്രി സമയങ്ങളിൽ കെട്ടിടത്തിൽ സാമൂഹിക വിരുദ്ധർ തമ്പടിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞ് വില്ലേജ്, പൊലീസ്, വിദ്യാഭ്യാസ അധികൃതർ സ്ഥലത്ത് എത്തിയിരുന്നു.
school building collapse