ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാക്കിയത് അന്നത്തെ ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു തന്നെയെന്ന് റിമാൻഡ് റിപ്പോർട്ട്
പത്തനംതിട്ട ∙ ശബരിമലയിലെ കട്ടിളപ്പാളിയിലെ സ്വർണം ചെമ്പാക്കിയത് അന്നത്തെ ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു തന്നെയെന്ന് റിമാൻഡ് റിപ്പോർട്ട്. സ്വർണം കവരാൻ വാസു ഗൂഢാലോചന നടത്തി. കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി കൈമാറാൻ വാസു ഇടപെടൽ നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. കട്ടിളപ്പാളിയിലെ സ്വർണം കവർന്ന കേസിലെ മൂന്നാം പ്രതിയാണ് എൻ.വാസു.
വാസുവിനെതിരെ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയത്. ഇതേ കേസിലെ അഞ്ചാം പ്രതിയായ 2019ലെ എക്സിക്യൂട്ടിവ് ഓഫിസർ സുധീഷ് കുമാറിന്റെയും ആറാം പ്രതി മുരാരി ബാബുവിന്റെയും മൊഴികളാണു കേസിൽ നിർണായകമായതെന്നാണു സൂചന. ഈ കേസിലെ രണ്ടാം പ്രതി കൽപേഷിനെ എസ്ഐടി ഇതുവരെ പിടികൂടിയിട്ടില്ല.
വാസുവിനെ പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി –1 ഈ മാസം 24 വരെ റിമാൻഡ് ചെയ്തു. കനത്ത സുരക്ഷയാണു കോടതിയിലും പരിസരത്തും ഒരുക്കിയിരുന്നത്. പിന്നീട് കൊട്ടാരക്കര സബ് ജയിലിലേക്കു മാറ്റി. പ്രത്യേക അന്വേഷണ സംഘം പിന്നീടു കസ്റ്റഡി അപേക്ഷ നൽകും.
വാസുവിന്റെ കുറ്റങ്ങൾ
– സ്വർണം പൊതിഞ്ഞ പാളികൾ എന്നതു മാറ്റി ചെമ്പുപാളികൾ എന്നു രേഖപ്പെടുത്തി സ്വർണം പൂശാൻ ശുപാർശ
– പാളികൾ പോറ്റിയുടെ കയ്യിൽ കൊടുത്തു വിടാൻ ഇടപെടൽ
– മറ്റു പ്രതികളുമായി ചേർന്നു ഗൂഡാലോചന നടത്തി
– ദേവസ്വം ബോർഡിനു നഷ്ടവും പ്രതികൾക്ക് അന്യായമായ ലാഭവുമുണ്ടാക്കി
n-vasu-arrested-sabarimala-gold-theft-remand-report.
