അറുകാലിക്കൽ ചാങ്ങയിൽ ദേവീക്ഷേത്രത്തിനുസമീപം മാലിന്യംതള്ളുന്നത് പതിവാകുന്നു
പറക്കോട് : അറുകാലിക്കൽ ചാങ്ങയിൽ ദേവീക്ഷേത്രത്തിനുസമീപം മാലിന്യംതള്ളുന്നത് പതിവാകുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഇവിടെ വലിയ തോതിലുള്ള മാലിന്യമാണ് തള്ളുന്നത്. കറുത്ത വലിയ പ്ലാസ്റ്റിക് കവറിലും ചാക്കിലുമൊക്കെ കെട്ടിയാണ് മാലിന്യം തള്ളിയിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, കാലിയായ മദ്യക്കുപ്പികൾ, ഉപയോഗം കഴിഞ്ഞ സാനിട്ടറി നാപ്കിൻ, പ്ലാസ്റ്റിക് കവറുകൾ, ഇറച്ചിക്കോഴി അവശിഷ്ടങ്ങൾ, അഴുകിയ പച്ചക്കറികൾ, ഭക്ഷണമാലിന്യം എന്നിവയാണ് തള്ളുന്നത്. ഇതുകാരണം വലിയ ദുർഗന്ധമാണ് ഇവിടം മുഴുവനും. അറവുമാലിന്യവും ഹോട്ടൽ മാലിന്യവും തള്ളുന്നതിനാൽ തെരുവുനായ്‌ക്കളും പന്നികളും മാലിന്യം ഭക്ഷിക്കാനെത്തുന്നത് പതിവായിരിക്കുകയാണ്. പതിവായി മാലിന്യം കിടക്കുന്നതിനാൽ എപ്പോഴും തെരുവുനായ്‌ക്കൾ ഇവിടെ തമ്പടിച്ചിരിക്കുകയാണ്. പുലർച്ചെ പത്രമിടാൻ പോകുന്ന സമയത്ത് ഇവിടെയുള്ള നായ്‌ക്കൾ വാഹനത്തിന് കുറുകെ ചാടുന്നതും പിറകെ ഓടുന്നതും പതിവായതായി പത്ര ഏജന്റുമാരും പറയുന്നു.
waste
