പത്തനംതിട്ട ജില്ലയിലെ ഏക സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ സ്ഥിതി ദയനീയം
ഇലന്തൂർ : ജില്ലയിലെ ഏക സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജായ ഇലന്തൂർ സർക്കാർ കോളേജിന് 11 വർഷമായി കെട്ടിടമില്ല. എപ്പോൾ വേണമെങ്കിലും തകർന്നുവീഴാവുന്ന നിലയിലുള്ള വൊക്കേഷണൽ ഹയർസെക്കൻഡറിയുടെ കെട്ടിടത്തിലാണ് കോളേജ് പ്രവർത്തിക്കുന്നത്.
യുജിസി നിയമപ്രകാരം കോളേജ് തുടങ്ങാൻ അഞ്ച് ഏക്കർ സ്ഥലം ആവശ്യമാണ്. ഇതിൽ മൂന്ന് ഏക്കർ ഖാദി ബോർഡിൽനിന്ന് കൈമാറ്റം ചെയ്യുകയും ബാക്കി രണ്ട് ഏക്കർ 12 സെന്റ് കിഫ്‌ബി വഴി മൂന്ന് വ്യക്തികളിൽനിന്ന് വാങ്ങുകയുമായിരുന്നു. പ്രധാന റോഡിൽനിന്ന് കോളേജ് ഭാഗത്തേക്ക് ഏഴുമീറ്റർ വീതി ഉണ്ടെങ്കിൽമാത്രമേ സ്വന്തമായി കെട്ടിടത്തിനുള്ള എൻഒസി ലഭിക്കുകയുള്ളൂ. ഇതിനായി സ്ഥലം വിട്ടുനൽകാൻ ആളുകൾ തയ്യാറാണെങ്കിലും സംരക്ഷണഭിത്തി കെട്ടിത്തരുമെന്ന് മന്ത്രി വീണാ ജോർജ് ഉറപ്പുതരണമെന്നാണ് സ്ഥല ഉടമകളുടെ ആവശ്യം.
കോളേജ് മൈതാനത്തുള്ള മതിൽ ഏതുനിമിഷവും നിലംപൊത്തുമെന്ന നിലയിലാണ്. മതിലിലെ കല്ലുകളിൽ പലതും ഇളകിത്തെറിച്ചനിലയിലാണ്. മതിൽ തകർന്നാൽ വീഴുന്നത് പ്രിൻസിപ്പൽ ഇരിക്കുന്ന മുറിയിലേക്കാവും.
അധ്യാപകർക്കും അനധ്യാപകർക്കുംകൂടി ഒരു ശൗചാലയമാണുള്ളത്. ആൺകുട്ടികൾക്ക് ഒന്നും പെൺകുട്ടികൾക്ക് മൂന്നും. പ്രതികൂലമായ സാഹചര്യം ആണെങ്കിൽകൂടി റാങ്ക് ലഭിക്കുന്ന കോളേജാണ്. നിലവിൽ 11 ക്ലാസ് റൂമുകളും രണ്ട് അഡീഷണൽ റൂമുകളുമാണുള്ളത്. അഡീഷണൽ റൂമിലാണ് പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള അധ്യാപക-അനധ്യാപകർ ഉള്ളത്.
എം.ജി. സർവകലാശാലയുടെ ഓണേഴ്സ് പ്രോഗ്രാം വന്നതോടെ കൂടുതൽ മുറികളുടെ ആവശ്യവും വർധിച്ചുവന്നു.
3.48 കോടി രൂപയായിരുന്നു ആദ്യം അനുവദിച്ചിരുന്നത് ഇത് പിന്നീട് 33.26 കോടി രൂപയാക്കി ഉയർത്തി. സംരക്ഷണഭിത്തി കെട്ടാൻ സമ്മതപത്രം വേണം. അതിന് വേണ്ടി ശനിയാഴ്ച മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ യോഗം നടക്കും.
2024-2025 അധ്യയനവർഷത്തിൽ 157 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്.ഹയർ സെക്കൻഡറിയിൽ വിദ്യാർഥികൾ കുറവായായതിനാൽ കോളേജ് പ്രവർത്തിക്കുന്നു. ഹയർസെക്കൻഡറിയിൽ വിദ്യാർഥികൾ കൂടുന്ന സാഹചര്യം ഉണ്ടായാൽ മറ്റൊരു കെട്ടിടത്തിലേക്ക് മാറേണ്ടിവരും.
ബികോം ഫിനാൻസ് ആൻഡ് ടാക്സേഷൻ, ബി.എ. മലയാളം, ബിഎസ്‌സി സുവോളജി, എംകോം എന്നിവയാണ് കോഴ്സുകൾ.
government arts and sciencxe college elanthoor
