മകര വിളക്കിന്റെ തിരക്ക് നിയന്ത്രണത്തിനു സന്നിധാനത്ത് പുതിയ പൊലീസ് സംഘം എത്തി
ശബരിമല ∙ മകര വിളക്കിന്റെ തിരക്ക് നിയന്ത്രണത്തിനു സന്നിധാനത്ത് പുതിയ പൊലീസ് സംഘം എത്തി. തിരുവനന്തപുരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് എസ്പി സുജിത്ത് ദാസാണ് പുതിയ സ്പെഷൽ ഓഫിസർ. 11 ഡിവൈഎസ്പി, 34 ഇൻസ്പെക്ടർ, 105 എസ്ഐ, 1489 സിവിൽ പൊലീസ് ഓഫിസർമാരും ഉൾപ്പെടെ 1534 പേർ സേവനത്തിനുണ്ട്. തീർഥാടകർക്ക് സുഗമമായ ദർശനം ഒരുക്കുകയാണ് പൊലീസിന്റെ പ്രധാന കടമയെന്ന് സ്‌പെഷൽ ഓഫിസർ അറിയിച്ചു.
തീർഥാടകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ശബരിപീഠം, മരക്കൂട്ടം, സോപാനം, പതിനെട്ടാം പടി, നടപ്പന്തൽ, യുടേൺ, ശരംകുത്തി, കൊടിമരം, മാളികപ്പുറം, പാണ്ടിത്താവളം, കെഎസ്ഇബി എന്നിവയാണ് പ്രധാന ഡ്യൂട്ടി പോയിന്റുകൾ. ഇനിയുള്ള ദിവസങ്ങളിൽ മകരജ്യോതി ദർശനത്തിനായി തീർഥാടകർ ക്യാംപ് ചെയ്യും. അതിനാൽ തിരക്ക് നിയന്ത്രണത്തിലാണ് പൊലീസ് കൂടുതൽ ശ്രദ്ധിക്കുന്നത്. ഇന്നലെയും സന്നിധാനത്തേക്ക് തീർഥാടക പ്രവാഹമായിരുന്നു.
പതിനെട്ടാംപടി കയറാനുള്ള ക്യൂ ശബരിപീഠം വരെ ഉണ്ടായിരുന്നു. അതിനാൽ പടി കയറാനുള്ള കാത്തുനിൽപ് കുറയ്ക്കുകയാണ് പൊലീസിന്റെ പ്രധാന വെല്ലുവിളി. ഇതിനായി പതിനെട്ടാംപടി കയറ്റുന്നത് പരമാവധി വേഗത്തിലാക്കണം. പുതിയതായി എത്തിയ പൊലീസിന്റെ പരിചയക്കുറവ് കാരണം പടി കയറ്റുന്നതിന്റെ വേഗം കുറഞ്ഞിട്ടുണ്ട്. തിരക്ക് കൂടിയതിനാൽ പതിനെട്ടാംപടിയിൽ തൊട്ടുതൊഴുത് കയറാൻ ശ്രമിക്കരുതെന്നു പൊലീസ് പ്രത്യേകം പറയുന്നുണ്ട്. ഇന്നലെ വൈകിട്ട് 5 വരെ 56,609 പേരാണ് പതിനെട്ടാംപടി കയറിയത്.
new-police-team-sabarimala
