ലൈനിൽ നിന്ന് അകലെയുള്ള കായ്ഫലമുള്ള വൃക്ഷങ്ങളും വെട്ടിമാറ്റി കെഎസ്ഇബിയുടെ ‘അതിക്രമം'
മല്ലപ്പള്ളി ∙ താലൂക്കിൽ വിവിധയിടങ്ങളിൽ ദുരന്ത നിവാരണ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മല്ലപ്പള്ളി, വെണ്ണിക്കുളം എന്നീ കെഎസ്ഇബി ഓഫിസുകളുടെ പരിധിയിൽ വ്യാപകമായി കായ്ഫലമുള്ള വൃക്ഷങ്ങളും മറ്റു മരങ്ങളും നശിപ്പിക്കുന്നതായി പരാതി. 11 കെവി വൈദ്യുതി ലൈനുകളിൽനിന്നു മീറ്ററുകളോളം ദൂരത്തിൽ നിൽക്കുന്ന മരങ്ങൾ പലയിടത്തും വെട്ടിമാറ്റിയെന്നാണ് നാട്ടുകാരുടെ പരാതി. കായ്ഫലമുള്ള തെങ്ങുകളും നീക്കം ചെയ്തിട്ടുണ്ട്. യന്ത്രം ഉപയോഗിച്ച് മൂടോടെ തള്ളിമറിച്ചിട്ടതിനാൽ മതിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മല്ലപ്പള്ളി തേലമണ്ണിൽപടിയിൽ ഓൾഡ് മരിയ ഭവനിൽ തോമസ് ചെറിയാന്റെ വീടിനോടു ചേർന്നുള്ള മതിലാണ് തെങ്ങ് തള്ളിമറിച്ചിട്ടതിനാൽ നാശം സംഭവിച്ചത്. വെണ്ണിക്കുളത്തിനു സമീപം ഒട്ടേറെ തേക്കുമരത്തിന്റെ തൈകളും അടുത്തിടെ വെട്ടിമാറ്റിയിരുന്നു. താലൂക്കിന്റെ പലയിടങ്ങളിലും റബർ മരങ്ങളും വെട്ടിനശിപ്പിച്ചത് കാണാൻ കഴിയും. വ്യാപകമായ രീതിയിൽ മരം മുറിയ്ക്കുന്നത് സംബന്ധിച്ച് അടുത്തിടെ നടന്ന താലൂക്ക് വികസനസമിതി യോഗത്തിലും ചർച്ചയായിരുന്നു. വ്യക്തമായ നിയമങ്ങൾ ഇല്ലാതെയും നഷ്ടപരിഹാരം കൊടുക്കാതെയും കെഎസ്ഇബി ഉദ്യോഗസ്ഥർ നടത്തുന്ന അതിക്രമങ്ങൾ അപലപനീയമാമെന്ന് ജനങ്ങൾ പറയുന്നു.
kseb-tree-cutting-mallappally.
