കടുവ ഭീതിയിലാണു ചെങ്ങറ നിവാസികൾ.
ചെങ്ങറ ∙ കടുവ ഭീതിയിലാണു ചെങ്ങറ നിവാസികൾ. തോട്ടങ്ങൾ എല്ലാം കാട് കയറിയതിനാൽ ഏത് നിമിഷവും തങ്ങളുടെ വീടുകൾക്കു സമീപം കടുവ എത്തുമെന്ന ആശങ്കയിലാണ് അവർ. 6 മാസം മുൻപ് രണ്ടര കിലോമീറ്റർ അകലെ അതുമ്പുംകുളത്തു കടവ ഇറങ്ങി പശുവിനെ പിടിച്ചു. അതിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയതിനാൽ എല്ലാവരും ആശ്വസിച്ചിരിക്കെയാണ് ബുധനാഴ്ച പുലർച്ചെ ടാപ്പിങ്ങിനിറങ്ങിയ പടിഞ്ഞാറ്റിൻകര സി.എം.യോഹന്നാൻ (മോനച്ചൻ –59) കടുവയുടെ മുൻപിൽ പെട്ടത്. ഭാഗ്യത്തിനാണ് രക്ഷപെട്ടത്.
കടുവ ഭീതിയിലായ ചെങ്ങറയിലെ റബർതോട്ടങ്ങൾ കാട് കയറിയ നിലയിൽ. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ തോട്ടത്തിലെ കുറുമ്പെറ്റി ഡിവിഷനിൽ ബുധനാഴ്ചയാണ് ടാപ്പിങ് തൊഴിലാളി മോനച്ചൻ കടുവയെ കണ്ടത്.. ചിത്രം∙ മനോരമ
ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ തോട്ടത്തിലെ കുറുമ്പെറ്റി ഡിവിഷനിൽ റബർ മരങ്ങൾ ടാപ്പിങ് നടത്തുന്നതിനിടെയാണ് മോനച്ചൻ കടുവയുടെ മുൻപിൽപെട്ടത്. 8 മരം വെട്ടി. ഒൻപതാമത്തെ മരത്തിന്റെ ടാപ്പിങ്ങിനായി നീങ്ങിയ സമയത്താണ് കരിയില അനങ്ങുന്ന ശബ്ദം കേട്ടത്. ഹെഡ്‌ലൈറ്റ് അടിച്ചു നോക്കിയപ്പോൾ ചുവന്ന കണ്ണുകൾ തിളങ്ങുന്നു. ലൈറ്റ് നല്ലതുപോലെ അടിച്ചപ്പോൾ തല ഉയർത്തി. കടുവയെ ശരിക്കും കണ്ടു. പിന്നെ ജീവനും കൊണ്ട് ഓടി. സുഹൃത്തുക്കളായ മറ്റ് ടാപ്പിങ് തൊഴിലാളികളെയും വിവരം അറിയിച്ചു. എല്ലാവരും കൂടി ഓടി രക്ഷപെട്ടു. ഭയന്നു വിറച്ചു പനി പിടിച്ചു കിടപ്പിലായി.
കടുവ ഇറങ്ങിയ വിവരം വനപാലകരെ അറിയിച്ചു. അവർ എത്തി പരിശോധന നടത്തി. വേനൽക്കാലമായതിനാൽ കാൽപാദം കണ്ടെത്താൻ കഴിഞ്ഞില്ല എന്നാൽ മോനച്ചൻ പറഞ്ഞ ലക്ഷണങ്ങൾ അനുസരിച്ച് കടുവയാണെന്നും ജാഗ്രത പാലിക്കണമെന്നും വനപാലകർ മുന്നറിയിപ്പ് നൽകി. പുലർച്ചെ രണ്ടിനും മൂന്നിനും ടാപ്പിങ്ങിനു പോകരുത്. വെളിച്ചം വീണ ശേഷം മാത്രമേ ഇനിയും ടാപ്പിങ്ങിന് ഇറങ്ങാവു എന്നാണ് അവർ നൽകിയ നിർദേശം. അതോടെ തൊഴിലാളികൾ എല്ലാം ഭീതിയിലാണ്.
tiger-attack-chengara
