പത്തനംതിട്ട : നാരങ്ങാനത്ത് വാഴകൾക്ക് കേടുപാടുകൾ വരുത്താതെ, വിളവെടുപ്പിന് പാകമായ 49 വാഴക്കുലകൾ കള്ളന്മാർ വെട്ടിക്കടത്തി. നാരങ്ങാനം സ്വദേശിയായ കെ. ഒ. മാത്യുവിന്റെ കൃഷിയിടത്തിലാണ് കർഷകനെ കണ്ണീരിലാഴ്ത്തിയ വൻ മോഷണം നടന്നത്.
പത്തനംതിട്ട നാരങ്ങാനം സ്വദേശി കെ. ഒ. മാത്യു കഷ്ടപ്പെട്ട് നട്ടുവളർത്തി വിളവെടുക്കാൻ പാകമായ വാഴക്കുലകളാണ് ഒറ്റരാത്രികൊണ്ട് കള്ളന്മാർ കടത്തിക്കൊണ്ടുപോയത്. സാധാരണയായി വാഴ വെട്ടിമറിച്ചിട്ടാണ് കുലകൾ മോഷ്ടിക്കാറുള്ളതെങ്കിൽ, ഇവിടെ വാഴകൾ അതേപടി നിർത്തി വളരെ ആസൂത്രിതമായാണ് മോഷണം നടത്തിയിരിക്കുന്നത്.
രാവിലെ തോട്ടത്തിലെത്തിയപ്പോഴാണ് 49 കുലകൾ നഷ്ടപ്പെട്ട വിവരം കെ. ഒ. മാത്യു അറിയുന്നത്. വിപണിയിൽ മികച്ച വില ലഭിക്കുന്ന സമയത്താണ് കർഷകന് ഈ കനത്ത തിരിച്ചടിയുണ്ടായത്. വലിയ തുക മുടക്കി കൃഷിയിറക്കിയ ഇദ്ദേഹം ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്.
Thieves chop and steal 49 harvest-ready bunches of plantains in Naranganam, പത്തനംതിട്ട

