പത്തനംതിട്ട ജില്ല സ്റ്റേഡിയം; നിർമാണ പ്രവർത്തനങ്ങൾവൻ കുതിപ്പിൽ
പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് തുറന്നുനൽകാൻ ലക്ഷ്യമിട്ട് പത്തനംതിട്ടയിലെ ജില്ല സ്റ്റേഡിയം നിർമാണം അതിവേഗം പുരോഗമിക്കുന്നു. ട്രാക്ക്, നീന്തൽക്കുളം എന്നിവയുടെ നിർമാണം അന്തിമഘട്ടത്തിലാണ്. സിന്തറ്റിക് ട്രാക്കിന്‍റെ ജി.എസ്.ബി ലെവലിങ് ജോലികളാണ് നടക്കുന്നത്. തുടർന്ന് ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള സിന്തറ്റിക്ക് ലെയറിങ് നടത്തും.
നീന്തൽക്കുളത്തിന്റെ വാട്ടർപ്രൂഫിങ്ങും ടൈൽസ് പാകലും പുരോഗമിക്കുകയാണ്. പ്ലംബിങ് ജോലികളാണ് ഇനി അവശേഷിക്കുന്നത്. എട്ട് ട്രാക്കുകളുള്ള നീന്തൽക്കുളത്തിന് 50 മീറ്റർ നീളവും 25 മീറ്റർ വീതിയും രണ്ട് മീറ്റർ താഴ്ചയുമാണുള്ളത്. രണ്ട് പവലിയനുകളും പൂർത്തിയായി വരികയാണ്. മാർച്ചിൽ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ഗ്രേസ് സ്‌പോർട്‌സ് കമ്പനിക്കാണ് നിർമാണ കരാർ. ഇതിന്‍റെ കാലാവധി മാർച്ച് 14ന് അവസാനിക്കും.
ഇതിനുമുമ്പ് ജോലികൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് ഇവർ പറയുന്നത്. കാലാവസ്ഥ അനുകൂലമായതിനാൽ നിർമാണത്തിന് മറ്റ് തടസ്സങ്ങളില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഫണ്ടും കരാർ കമ്പനിക്ക് കൈമാറിയിട്ടുണ്ട്.400 മീറ്റർ സിന്തറ്റിക് ട്രാക്കിനുപുറമേ ഫുട്‌ബാൾ ടർഫ്, ഗാലറി മന്ദിരങ്ങൾ എന്നിവയുമുണ്ടാകും. ഇൻഡോർ സ്റ്റേഡിയത്തിനുള്ളിലെ ടർഫ് നിർമാണവും ആരംഭിച്ചിട്ടുണ്ട്. ഇവിടെ വോളിബാൾ-ബാഡ്മിന്റൺ കോർട്ടുകളാണ് ഒരുക്കുങ്ങുന്നത്. ഒപ്പം ഓപൺ ജിംനേഷ്യവുമുണ്ടാകും. കിഫ്ബിയിൽനിന്ന് 47.9 കോടി ചെലവിട്ടാണ് ജില്ല സ്റ്റേഡിയം നവീകരിക്കുന്നത്.
district-stadium-construction-work-in-full-fast
