ഇരട്ടക്കുട്ടികളടക്കം നാലുപേരെ തെരുവുനായ കടിച്ചുകീറി
കൊടുമൺ(പത്തനംതിട്ട) : ഇരട്ടക്കുട്ടികളടക്കം നാലുപേരെ തെരുവുനായ കടിച്ചുകീറി. എൽ.കെ.ജി. വിദ്യാർഥികളും ഇരട്ടകളുമായ, തട്ടയിൽ പൊങ്ങലടി തെങ്ങുവിളയിൽ വിവേക് (5), വിവേകി(5), കൊടുമൺ കരിപ്പോലിൽ സുജ (45), മടുക്കളയിൽ ഷിജു (35) എന്നിവർക്കാണ് കടിയേറ്റത്.
വിവേകിയുടെ മുഖത്ത് സാരമായ പരിക്കുണ്ട്. വിവേകിന്റെ നെറ്റിക്കും കൈയ്ക്കുമാണ് പരിക്ക്. ഇവരെ അടൂർ ആശുപത്രിയിലെത്തിച്ചശേഷം കോട്ടയം മെഡിക്കൽ കോേളജ് ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിക്ക് കൊടുമൺ ജങ്ഷനിൽ സെയ്ന്റ് പീറ്റേഴ്സ് സ്കൂളിന് വടക്കുഭാഗത്താണ് സംഭവം. ഇവിടെ ഒരുവീട്ടിൽ ട്യൂഷന് എത്തിയതായിരുന്നു വിവേകും വിവേകിയും. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് നായ ആക്രമിച്ചത്.
ഷിജുവിനെയാണ് നായ ആദ്യം കടിച്ചത്. ഇദ്ദേഹത്തിന്റെ മുഖത്ത് കടിയേറ്റു. സുജ ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു. ഇവരുടെ ഇടതുകൈയ്ക്ക് കടിയേറ്റു. ഇവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നു. ഇതിന്റെ ജഡം രാത്രി വൈകിയും വഴിയരികിൽ കിടന്നു. പോസ്റ്റുമോർട്ടം ചെയ്താലേ പേയുള്ളതാണോയെന്ന് അറിയാനാകൂ.
stray dog bite
