പത്തനംതിട്ട കൊടുമണ്ണിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി പോലീസ് പിടിയിൽ. ശണ്ഠനല്ലൂർ ഇടിഞ്ചിറ ദേവി ക്ഷേത്രത്തിലെ കെടാവിളക്ക് ഉൾപ്പെടെ അഞ്ച് വലിയ തൂക്കുവിളക്കുകൾ മോഷ്ടിച്ച ഇടത്തിട്ട സ്വദേശി അജിത്താണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി സംശയാസ്പദമായ സാഹചര്യത്തിൽ ചാക്കുകെട്ടുമായി കണ്ട പ്രതിയെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു.
കൊടുമൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ഇടിഞ്ചിറ ദേവി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ക്ഷേത്രത്തിൽ നിന്നും വലിയൊരു ചാക്കുകെട്ടുമായി പുറത്തേക്ക് പോയ മടുക്ക വിളയിൽ വീട്ടിൽ അജിത്തിനെ നാട്ടുകാർ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊടുമൺ പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.പോലീസ് സാന്നിധ്യത്തിൽ ചാക്ക് തുറന്ന് പരിശോധിച്ചപ്പോഴാണ് ഇടിഞ്ചിറ ദേവീക്ഷേത്രത്തിലെ ചരിത്രപ്രധാനമായ കെടാവിളക്കും മറ്റ് നാല് വലിയ തൂക്കുവിളക്കുകളും കണ്ടെത്തിയത്.
ക്ഷേത്ര ജീവനക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.കൊടുമൺ ഇൻസ്പെക്ടർ SHO ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ ജിനു ജെ.യു, എസ്.സി.പി.ഒ തോമസ്, സി.പി.ഒ സാബു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രദേശത്ത് മുൻപും സമാനമായ രീതിയിൽ മോഷണങ്ങൾ നടന്നിട്ടുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
Pathanamthitta
