പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറുവർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. കർണാടക സ്വദേശി പാർത്ഥസാരഥി (48)യെ ആണ് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്ജ് മഞ്ജിത്ത് റ്റി. ശിക്ഷിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 6 വർഷം കഠിന തടവിനും 60,000 രൂപ പിഴയടക്കുവാനും ശിക്ഷ വിധിക്കുകയായിരുന്നു. ഭാരതീയ ന്യായസംഹിത പ്രകാരവും പോക്സോ വകുപ്പ് പ്രകാരവും ആണ് ശിക്ഷ വിധിച്ചത്.2025 ജനുവരി 28ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് . അതിജീവിതയുടെ വീട്ടിലെ കിണറ്റിൽ നിന്നും വെള്ളം കോരാൻ വന്ന പ്രതിക്ക് വെള്ളം കോരി നൽകിയ അതിജീവിതയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
കീഴ്‌വായ്പൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ സതീഷ് ശേഖർ ആണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സ്മിത ജോൺ പി. ഹാജരായി. കോടതി നടപടികൾ കോർട്ട് ലൈസൻ ഓഫീസർ ദീപാ കുമാരി ഏകോപിപ്പിച്ചു. പ്രതി അടയ്ക്കുന്ന പിഴ തുക അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്.
The accused who sexually assaulted a minor girl was sentenced to six years of rigorous imprisonment and a fine of ₹60,000


