പത്തനംതിട്ട: കേരളത്തെ ഒട്ടാകെ പിടിച്ചുലച്ച മെഴുവേലി സർവീസ് സഹകരണ ബാങ്ക് കവർച്ചാ കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. ഒന്നും രണ്ടും നാലും അഞ്ചും പ്രതികൾക്ക് രണ്ട് വർഷവും 11 മാസവും കഠിനതടവും, ഏഴാം പ്രതിക്ക് ഒന്നര വർഷം തടവുമാണ് പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സി.ജെ.എം) കോടതി വിധിച്ചത്. 2011 ഓഗസ്റ്റിൽ നടന്ന കവർച്ചയിൽ ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമനടപടികൾക്കൊടുവിലാണ് ഇപ്പോൾ അന്തിമ വിധി വന്നിരിക്കുന്നത്.
പ്രതികളും ശിക്ഷാ വിവരങ്ങളും :
പ്രധാന പ്രതികൾ: ഒന്നാം പ്രതി വിനു (മെഴുവേലി), രണ്ടാം പ്രതി സുരേഷ് കുമാർ (വാഴമുട്ടം), നാലാം പ്രതി സുധീഷ് (എടത്വ), അഞ്ചാം പ്രതി കെ. ഗിരീഷ് (തലവടി) എന്നിവർക്കാണ് 2 വർഷവും 11 മാസവും കഠിനതടവ് ലഭിച്ചത്. കൂടാതെ ഇവർ 10,000 രൂപ വീതം പിഴയൊടുക്കണം. ബാങ്കിന് 7 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഏഴാം പ്രതി: മോഷ്ടിച്ച സ്വർണം വാങ്ങിയ താമരക്കുളം സ്വദേശി ബിജു രാമകൃഷ്ണന് ഒന്നര വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. മറ്റ് പ്രതികൾ: കേസിലെ മൂന്നാം പ്രതി രാജു ഇപ്പോഴും ഒളിവിലാണ്. തെളിവുകളുടെ അഭാവത്തിൽ ആറാം പ്രതി കിഷോർ, എട്ടാം പ്രതി മനു (മനോജ്) എന്നിവരെ കോടതി വെറുതെ വിട്ടു.
ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്ട്രോങ്ങ് റൂം തകർത്തു
2011 ഓഗസ്റ്റ് 20, 21 തീയതികളിലെ അവധി ദിവസങ്ങളിലാണ് ബാങ്കിന് സമീപം താമസിക്കുന്ന വിനുവിന്റെ നേതൃത്വത്തിലുള്ള സംഘം കവർച്ച നടത്തിയത്. മോഷണം പോയ സ്കൂൾ ബസിലെത്തിയാണ് പ്രതികൾ കൃത്യം നിർവഹിച്ചത്.ഉള്ളന്നൂർ ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ജനൽ കമ്പികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റി അകത്തുകടന്ന സംഘം, സ്ട്രോങ്ങ് റൂമിന്റെയും ലോക്കറിന്റെയും പൂട്ട് തകർക്കുകയായിരുന്നു. 4.19 ലക്ഷം രൂപയുടെ കറൻസിയും 562.5 പവനിലധികം (ഏകദേശം നാലര കിലോ) സ്വർണാഭരണങ്ങളും ഉൾപ്പെടെ ഒരു കോടിയിലധികം രൂപയുടെ മുതലുകളാണ് സംഘം കവർന്നത്.
പോലീസിന്റെ നിർണായക അന്വേഷണം
അന്നത്തെ പന്തളം സി.ഐ-യും നിലവിലെ പത്തനംതിട്ട അഡീഷണൽ എസ്.പിയുമായ ആർ. ജയരാജാണ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.പിന്നീട് പന്തളം സി.ഐ ആയിരുന്ന ഇപ്പോഴത്തെ ഡിവൈ.എസ്.പി നന്ദകുമാർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. അടൂർ ഡിവൈ.എസ്.പിയായിരുന്ന അനിൽദാസിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ അജി സാമുവൽ, പ്രസന്നൻപിള്ള, സന്തോഷ്, വിനോദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് 4 കിലോയോളം സ്വർണവും പണവും വീണ്ടെടുക്കാൻ പോലീസിന് കഴിഞ്ഞിരുന്നു.കോടതിയിൽ പ്രോസിക്യൂഷന് വേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ രഞ്ജീം ഇസ്മായിൽ ഹാജരായി. എസ്.സി.പി.ഒ അനുരാജ് പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു.
mezhuveli





