പത്തനംതിട്ട :∙ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം ‘അർണബ്’ ചുഴലിക്കാറ്റായി മാറി. വരും മണിക്കൂറുകളിൽ ഇത് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റ് ആന്ധ്ര തീരത്ത് കരതൊടുമെന്നാണ് നിഗമനം. ആന്ധ്ര, ഒഡീഷ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്..
മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറു ഭാഗത്തേക്കാണ് നിലവിൽ അർണബ് ചുഴലിക്കാറ്റ് നീങ്ങുന്നത്. ഇന്ന് അർധരാത്രിയോടെ തീവ്ര ചുഴലിക്കാറ്റായും, നാളെയോടെ ഇത് അതിതീവ്ര ചുഴലിക്കാറ്റായും മാറും. നിലവിൽ ഒഡീഷയിലെ ഗോപാൽപുരിൽനിന്ന് 580 കിലോമീറ്ററും, വിശാഖപട്ടണത്തുനിന്ന് 610 കിലോമീറ്ററും അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.
ബുധനാഴ്ച ഉച്ചയോടെ ആന്ധ്ര പ്രദേശിലെ ബാപ്റ്റലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലാകും ചുഴലിക്കാറ്റ് കരതൊടുക. ഈ സമയത്ത് മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും, ചിലപ്പോൾ 140 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം. ആന്ധ്ര, ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തിരികെ കരയിലെത്താൻ നിർദേശമുണ്ട്. ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങൾക്ക് പുറമെ ബംഗാൾ, തമിഴ്നാട് തീരങ്ങളിലും ചുഴലിക്കാറ്റ് കനത്ത ആഘാതമുണ്ടാക്കിയേക്കും.
മത്സ്യബന്ധനത്തിനായി പോയവരോട് എത്രയും പെട്ടെന്ന് തിരികെ കരയിലെത്താൻ നിർദേശിച്ചു. ആന്ധ്ര, ബംഗാൾ, ഒഡീഷ, തമിഴ്നാട് തീരങ്ങളിൽ അർണബ് ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം.
അർണബ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ സംസ്ഥാനത്ത് 7 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെലോ അലർട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
KERALA RAIN


