' എന്റെ കുട്ടിക്ക് എല്ലാം അറിയാം കണ്ടില്ലേ.... 'എന്ന് കുഞ്ഞുങ്ങളെ ഓർത്ത് ഇങ്ങനെ അഭിമാനം കൊള്ളുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ ആദ്യം ചികിത്സ നൽകേണ്ടത് അവർക്കാണ് .
ശിശു വളർന്നു വരുമ്പോൾ അവന് പ്രിയപ്പെട്ട വിനോദോപാധിയായി മാറുന്ന ഒന്നുണ്ട് -സ്മാർട്ട് ഫോൺ !അത് കിട്ടിയാൽ പിന്നെ കുഞ്ഞിനെ മറ്റൊന്നും വേണ്ട,എന്തിന് അമ്മയുടെയും അച്ഛന്റെയും സാമീപ്യം പോലും വേണ്ടെന്നു വച്ച് കുഞ്ഞു ഫോണിന് പുറകെ പോകും.
മൂന്ന് വയസുള്ള കുട്ടി ഫോണിൽ പടമെടുക്കുന്നതും വീഡിയോ സേർച്ച് ചെയ്യുന്നതും കണ്ടിട്ട് .' എന്റെ കുട്ടിക്ക് എല്ലാം അറിയാം കണ്ടില്ലേ.... 'എന്ന്
അഭിമാനിക്കുന്ന രക്ഷിതാക്കൾ കുറച്ചുകാലം മുൻപ് വരെ ഉണ്ടായിരുന്നു.സമീപകാല സംഭവങ്ങൾക്ക് ശേഷവും കുഞ്ഞുങ്ങളെ ഓർത്ത് ഇങ്ങനെ അഭിമാനം കൊള്ളുന്ന മാതാപിതാക്കൾ ഉണ്ടെങ്കിൽ ആദ്യം ചികിത്സ നൽകേണ്ടത് അവർക്കാണ് .കുഞ്ഞുങ്ങൾ ആഹാരം കഴിച്ചതില്ലെങ്കിൽ പുറത്ത് കൊണ്ട് പോയി പൂക്കളെയും ശലഭങ്ങളെയും പക്ഷികളെയുമൊക്കെ കാണിച്ചാണ് അമ്മമാരും അമ്മൂമ്മമാരും കുഞ്ഞിനെ ഊട്ടിയിരുന്നത്.ഇന്ന് വീട്ടിനുള്ളിൽ മൊബൈൽ ഓൺ ആക്കി കയ്യിൽ കൊടുക്കും . കുഞ്ഞു കരഞ്ഞാലും മറുമരുന്ന് ഫോൺ തന്നെ!
കുടുംബക്കാർ കൂടുന്ന ചടങ്ങുകളിൽ പോലും കുട്ടികൾ ഫോണുമായി ഒരു മൂലക്ക് ഇരിക്കുന്നത് കാണാം. സ്വന്തം രക്തബന്ധങ്ങളെ തിരിച്ചറിയുകയും കളിയും ചിരിയുമായി ഓടിക്കളിക്കാതെ സ്മാർട്ട് ഫോണിലെ കളികളിൽ രസം കണ്ടെത്തുന്നു .പിന്നെ പിന്നെ കു ട്ടികൾ ഫ്രീ ഫയർ പോലുള്ള കളികളിലേക്ക് തിരിയുന്നു .ഇതുപോലുയലോല കളികൾ അപകടമാണെന്ന് വീട്ടുകാർ തിരിച്ചറിയുമ്പോഴേക്കും മകനെ അല്ലെങ്കിൽ മകളെ തിരിച്ചുപിടിക്കാൻ ഡോക്ടറുടെ സഹായം തേടേണ്ടി വരും .
സ്മാർട്ട് ഫോൺ വന്നതിനു ശേഷം സമൂഹത്തിൽ പ്രത്യേകിച്ച് കുട്ടികളുടെ മാനസിക നിലയിൽ വലിയ മാറ്റങ്ങൾ വന്നിരിക്കുന്നു എന്നതാണ്
പഠന റിപ്പോർട്ടുകൾ പറയുന്നത്. പതിമൂന്നിനും പതിനേഴിനും ഇടയിലുള്ള കുട്ടികളിൽ ആണ് പഠനം നടത്തിയത്. കുട്ടികളുടെ മാനസിക നിലയിൽ
ഫോണുകൾ വഹിക്കുന്ന പങ്കാണ് പ്രധാനമായും പഠനവിധേയമാക്കിയത്.മറ്റ് പ്രായത്തിലുള്ളവരെ അപേക്ഷിച്ചു പതിമൂന്നു മുതൽ പതിനേഴു വരെ പ്രായമുള്ള കുട്ടികളുടെ മനസ് വല്ലാതെ താളം തെറ്റുന്നുവെന്ന് കണ്ടെത്തി.
ഇവർക്കെല്ലാം ദുഃഖമുണ്ട്, നിരാശയുണ്ട്. എന്നാൽ ഇതിനുള്ള കാരണം അജ്ഞാതം. എന്തിനെയൊക്കൊയോ ചൊല്ലിയുള്ള ആശങ്ക, അനാവശ്യവും വിചിത്രവുമായ ചിന്തകൾ, യാഥാർത്ഥ്യ ബോധമില്ലാത്ത പെരുമാറ്റം, ആരോടും ആത്മാർത്ഥതയില്ല. പിടിച്ചാൽ കിട്ടാത്ത വിധത്തിൽ പൊട്ടിത്തെറിക്കും. ആക്രമവാസന, ചെറിയ കാരണം മതി നിരാശയിലേക്ക് വീഴാൻ.
അയൽപക്കത്തെ കുട്ടികൾക്കൊപ്പം കളിച്ച്, അവധിക്ക് ബന്ധുവീടുകളിൽ പോയി അവിടെയുള്ളവരുമായി ഇടകലർന്ന്. നാട്ടിലൊക്കെ ഓടി നടന്ന്, ഉത്സവം കണ്ട്, വഴിവക്കിലെ മാവിൻ കല്ലെറിഞ്ഞ്, സൈക്കിൾ ടയർ ഉരുട്ടി നടന്ന ബാല്യം ആസ്വദിച്ചവരാണ് ഈ കുട്ടികളിൽ മിക്കവരുടേയും രക്ഷിതാക്കൾ. എന്നാൽ അവർ മക്കളെ അടക്കി നിറുത്താനായി ചെയ്യുന്നതോ മൊബൈൽ ഫോണെടുത്തു കൊടുക്കും. അങ്ങനെ ഫ്രീയാകുമ്പോൾ സന്തോഷിക്കുന്ന അച്ഛനും അമ്മയും പിന്നീട് കൗമാരക്കാരൻ വില കൂടിയ ബൈക്ക് ചോദിച്ച് കലിതുള്ളി നിൽക്കുമ്പോൾ അന്തംവിട്ടുപോകും. മക്കൾ ലഹരിയുടെ വഴിയിൽ എത്തിയെന്നറിയുമ്പോൾ പകച്ചു പോകും. ജീവിതത്തിന് റിടേക്കുകളില്ല, ചെയ്തൊക്കെ തിരുത്തി നന്നാകാം എന്ന് ഓർത്താൽ നന്ന്...ആ ഓർമ്മ വരുമ്പോഴേക്കും സമയം അതിക്രമിച്ചു കഴിഞ്ഞേക്കും ...
mobile addiction