പത്തനംതിട്ട ആറന്മുളയിൽ മാല പൊട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടി പോലീസ്. രക്ഷപ്പെടാനായി പമ്പയാറ്റിൽ ചാടിയ പ്രതിയെ പിന്തുടർന്ന് ആറ്റിലിറങ്ങിയാണ് പോലീസ് ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തിയത്. ആറന്മുള സ്വദേശി രാജേഷ് കുമാറാണ് പിടിയിലായത്.
സിനിമയിലെ ആക്ഷൻ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധമായിരുന്നു പമ്പാനദിക്കരയിലെ ഈ പോലീസ് വേട്ട. ആറന്മുള വഞ്ചിത്ര സ്വദേശിനി പ്രസന്നയുടെ മൂന്ന് പവനോളം വരുന്ന സ്വർണ്ണമാലയും താലിയും പൊട്ടിച്ച് ഓടിയ പ്രതിയെയാണ് പോലീസ് അതിസാഹസികമായി വലയിലാക്കിയത്.ശനിയാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന പ്രസന്നയുടെ മാല കവർന്ന ശേഷം പ്രതി സമീപത്തെ മുളങ്കാട്ടിൽ ഒളിക്കുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മിനിറ്റുകൾക്കകം ആറന്മുള എസ്.ഐ ആഷിൽ രവിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. പോലീസിനെ കണ്ടതോടെ പ്രതി മുളങ്കാട്ടിൽ നിന്നും പമ്പയാറ്റിലേക്ക് ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു.എന്നാൽ പിന്മാറാൻ തയ്യാറാകാതിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ കിരൺ, ആകേഷ് എന്നിവർ സ്വന്തം ജീവൻ പണയം വെച്ച് ആറ്റിലേക്ക് ചാടുകയായിരുന്നു. ആറിന് നടുവിൽ വെച്ച് പ്രതിയെ കീഴ്പ്പെടുത്തിയ ഉദ്യോഗസ്ഥർ ഇയാളെ ബലമായി കരക്കെത്തിച്ചു.
പിടിവലിക്കിടെ പ്രതിയുടെ ആക്രമണത്തിൽ എസ്.ഐ ആഷിൽ രവിയുടെ കാലിന് പരിക്കേറ്റു. പ്രതിയായ കുഴിക്കാല സ്വദേശി രാജേഷ് കുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൃത്യസമയത്തെ പോലീസിന്റെ ഇടപെടലിനും ഉദ്യോഗസ്ഥരുടെ ധീരതയ്ക്കും വലിയ കയ്യടിയാണ് നാട്ടുകാരിൽ നിന്നും ലഭിക്കുന്നത്.
Aranmula
