നിറയെ യാത്രക്കാരുമായി ഇറക്കം ഇറങ്ങുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. ഡ്രൈവറുടെ സന്ദർഭോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി
റാന്നി ∙ നിറയെ യാത്രക്കാരുമായി ഇറക്കം ഇറങ്ങുന്നതിനിടെ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. ഡ്രൈവറുടെ സന്ദർഭോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. ബസിലുണ്ടായിരുന്ന നൂറിലധികം യാത്രക്കാരും സുരക്ഷിതർ. വെച്ചൂച്ചിറ–റാന്നി കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസിലെ യാത്രക്കാരാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. ഇന്നലെ രാവിലെ 8.35ന് ആണ് സംഭവം. ആനമാടം ജംക്‌ഷനിൽനിന്ന് യാത്രക്കാരെ കയറ്റിയശേഷം ഇടമൺ ജംക്‌ഷനിലേക്കു വരികയായിരുന്നു ബസ്. ആനമാടം പിന്നിട്ടുള്ള വളവു തിരിച്ചെടുക്കുന്നതിനിടെയാണ് ബ്രേക്ക് നഷ്ടപ്പെട്ടതു ഡ്രൈവർ പാലാ വള്ളിച്ചിറ ചുണ്ടയ്ക്കാട്ട് രാജേഷ് ബാബു മനസ്സിലാക്കുന്നത്.
വേഗം ഗിയർ ഡൗൺ ചെയ്തു. സമചിത്തത കൈവിടാതെ ഹാൻഡ് ബ്രേക്കും വലിച്ചിട്ടു. ഇതോടെ വേഗം കുറഞ്ഞു. എവിടെങ്കിലും ഇടിച്ചുനിർത്താൻ നോക്കിയിട്ടു കഴിഞ്ഞില്ല. ഇടമൺ സോബാർ പള്ളിക്കു മുന്നിലെ ‘എസ്’ ആകൃതിയിലുള്ള വളവ് തിരിച്ചെത്തുമ്പോൾ എതിരെ വന്ന സ്കൂട്ടറിൽ ബസിന്റെ വാലറ്റം തട്ടി കുന്നം മാമ്മൂട്ടിൽ ജെറിനു ചെറിയ പരുക്കേറ്റു. സ്കൂട്ടിനും നാശമുണ്ട്. വളവ് പിന്നിട്ടപ്പോൾ ഇടമൺ ജംക്‌ഷനു മുൻപ് റോഡിന്റെ ഇടതുവശത്തു കിടന്ന തടികളിൽ ഇടിച്ചു ബസ് നിർത്തിയതോടെയാണ് യാത്രക്കാർ സുരക്ഷിതരായത്. 80 യാത്രക്കാരും റാന്നി കോളജ്, എസ്‌സി സ്കൂൾ എന്നിവിടങ്ങളിൽ പഠിക്കുന്ന മുപ്പതോളം കുട്ടികളും ബസിലുണ്ടായിരുന്നു. വിദ്യാർഥികളുടെ കൺസഷൻ കാർഡ് പതിക്കാതിരുന്നതിനാൽ യാത്രക്കാരുടെ വ്യക്തമായ എണ്ണം അറിയാനായില്ല. എതിരെ വാഹനങ്ങളൊന്നും എത്താതിരുന്നത് ഭാഗ്യമായെന്ന് രാജേഷ് പറഞ്ഞു.
ksrtc-bus-brake-failure-ranni
