പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസംതന്നെ റാന്നിയിൽ തിരഞ്ഞെടുപ്പ് രംഗത്ത് ഉണർവായി
റാന്നി: പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസംതന്നെ റാന്നിയിൽ തിരഞ്ഞെടുപ്പ് രംഗത്ത് ഉണർവായി. മുന്നണികൾ സ്ഥാനാർഥി നിർണയത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞു. സംവരണ സീറ്റുകൾ പ്രഖ്യാപിച്ചതോടെ മിക്ക വാർഡുകളിലും സ്ഥാനാർഥി നിർണയം നടന്നിരുന്നു. തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ കട്ടൗട്ടുകൾ പ്രിന്റ് ചെയ്ത് തയ്യാറാക്കി വെച്ചവരുണ്ട്. ഉറപ്പിച്ച സ്ഥാനാർഥികളുടെ ഡിജിറ്റൽ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിലൊക്കെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചുതുടങ്ങിയിരുന്നു. പലരും വോട്ടർമാരെ നേരിട്ട് കണ്ട് പിന്തുണ തേടുകയും ചെയ്തുവരുകയാണ്. തിങ്കളാഴ്ച തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പല സ്ഥാനാർഥികളും വീട് കയറ്റം ആരംഭിക്കുകയും ചെയ്തു. ഏതാനും പഞ്ചായത്തുകളിൽ ഘടക കക്ഷികളുടെ ചില ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ കാരണം അന്തിമ പട്ടിക പ്രഖ്യാപിച്ചിട്ടില്ല.
വെച്ചൂച്ചിറയിൽ 16 വാർഡുകളിലേക്കും ഇരുമുന്നണികൾക്കും സ്ഥാനാർഥികളെ നിശ്ചയിച്ചുകഴിഞ്ഞു. യുഡിഎഫിൽ 16 സീറ്റിലും കോൺഗ്രസ് സ്ഥാനാർഥികളെ തീരുമാനിച്ചു. എൽഡിഎഫിൽ ഒരു വാർഡിലൊഴികെ തീരുമാനമായി കഴിഞ്ഞു. അവശേഷിക്കുന്ന വാർഡിലെ സ്ഥാനാർഥിയെ കണ്ടെത്തിയെങ്കിലും പ്രഖ്യാപിച്ചിട്ടില്ല. ബിജെപിക്കും ഏതാനും വാർഡുകളിലാെഴികെ സ്ഥാനാർഥികളായിട്ടുണ്ട്.
കൂടുതൽ വാർഡുകളുള്ള പഴവങ്ങാടിയിൽ സ്ഥാനാർഥിനിർണയം പൂർത്തീകരിച്ചിട്ടില്ല. യുഡിഎഫിൽ മൂന്ന് വാർഡുകളിലും എൽഡിഎഫിൽ രണ്ടിടത്തും ഒഴികെ സ്ഥാനാർഥികളായി. ബിജെപി സ്ഥാനാർഥി നിർണയത്തിൽ അന്തിമ ഘട്ടത്തിലേക്ക് എത്തുന്നതേയുള്ളൂ.
അങ്ങാടിയിൽ കഴിഞ്ഞ തവണ ഇരു മുന്നണികളും തുല്യ സീറ്റുകൾ വീതമാണ് നേടിയതെങ്കിലും ഉപ തിരഞ്ഞെടുപ്പിലൂടെ എൽഡിഎഫ് ഭൂരിപക്ഷം ഉറപ്പിച്ചു. ഇക്കുറി ഭരണം പിടിക്കാൻ ഇരുമുന്നണികളും ശക്തമായ പ്രവർത്തനം ആരംഭിച്ചു. യുഡിഎഫിൽ കോൺഗ്രസ് 14 സീറ്റിലും മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. സ്ഥാനാർഥികളെ നിശ്ചയിച്ചെങ്കിലും പ്രഖ്യാപനം നടന്നില്ല. എൽഡിഎഫിൽ സിപിഎം 10 സീറ്റിലും സിപിഐ മൂന്നിലും കേരള കോൺ(എം) ഒരു സീറ്റിലും മത്സരിക്കാനാണ് ഏതാണ്ട് ധാരണയിലെത്തിയിട്ടുള്ളത്.
വടശ്ശേരിക്കര ഭരണസമിതിയിൽ നിലവിൽ ഘടകകക്ഷികൾക്ക് സീറ്റില്ലാത്ത പഞ്ചായത്തായിരുന്നു. സിപിഎം എട്ടും കോൺഗ്രസിന് ആറും ബിജെപിക്ക് ഒന്നും. ഇക്കുറി സീറ്റുകൾ സംബന്ധിച്ച് ഇരുമുന്നണികളിലും ഏതാണ്ട് ധാരണയായി. സ്ഥാനാർഥി നിർണയം പൂർത്തിയായി വരുന്നു.
പെരുനാട്ടിൽ കോൺഗ്രസിന് ഭരിച്ചിരുന്ന പഞ്ചായത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിലൊതുങ്ങേണ്ടി വന്നതിന്റെ കേട് നികത്തുകയെന്ന ലക്ഷ്യത്തോടെ സ്ഥാനാർഥികളെ തീരുമാനിച്ചുകഴിഞ്ഞു. പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. എൽഡിഎഫിലും സ്ഥാനാർഥി നിർണയം ഏതാണ്ട് പൂർത്തിയായി.
നാറാണംമൂഴിയിലും ഇരുമുന്നണിയിലും പൂർത്തിയാകുന്നതേയുള്ളൂ. ഭൂരിഭാഗം വാർഡുകളിലും സ്ഥാനാർഥികളെ നിശ്ചയിച്ചുകഴിഞ്ഞു. ബിജെപിയും സ്ഥാനാർഥി നിർണയം പൂർത്തീകരിക്കാനുള്ള തിരക്കിലാണ്.
കൊറ്റനാട്ടും ഇരുമുന്നണികളും അന്തിമ പട്ടിക ഒരുക്കാൻ തകൃതിയായി നീക്കം നടക്കുന്നു. ഭരണ സമിതിയിൽ നാല് അംഗങ്ങൾ ഉണ്ടായിരുന്ന ബിജെപിയും ശക്തമായ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്.
election 2025
