സ്വാമിഅയ്യപ്പന്റെ നാമത്തിൽ സെപ്റ്റംബർ 30-ന് പന്തളത്ത് പുതിയ നഗരസഭാ ബസ്‌സ്റ്റാൻഡ് ഉദ്ഘാടനം ചെയ്‌തെങ്കിലും വാഹനം കയറണമെങ്കിൽ ഇനിയും കടമ്പകളേറെ.
പന്തളം : സ്വാമിഅയ്യപ്പന്റെ നാമത്തിൽ സെപ്റ്റംബർ 30-ന് പന്തളത്ത് പുതിയ നഗരസഭാ ബസ്‌സ്റ്റാൻഡ് ഉദ്ഘാടനം ചെയ്‌തെങ്കിലും വാഹനം കയറണമെങ്കിൽ ഇനിയും കടമ്പകളേറെ.
മോട്ടോർവാഹന വകുപ്പിന്റെ അനുമതി ലഭിക്കണമെങ്കിൽ പണിപൂർത്തിയാക്കിയ റിപ്പോർട്ട് നഗരസഭ മോട്ടോർവാഹനവകുപ്പിന് നൽകേണ്ടതുണ്ട്. അനുമതി ലഭിക്കാതെയും പണി പൂർത്തിയാകാതെയും സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തതുതന്നെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മുന്നിൽകണ്ടുകൊണ്ടാണ്. കരാർ നൽകിയ കോൺക്രീറ്റുപണി നടന്നുവരുകയാണ്. മുട്ടാർ നീർച്ചാലിനോടുചേർന്ന് സംരക്ഷണഭിത്തി കെട്ടണമെന്ന് മോട്ടോർവാഹന വകുപ്പ് നിർദേശിച്ചിരുന്നു ഇതും നടപ്പായില്ല. 75 ലക്ഷം രൂപ ചെലവിലാണ് പുതിയ സ്റ്റാൻഡ് പണിയുന്നത്.
പണി നീണ്ടുപോകുന്നതിനാൽ തിരഞ്ഞെടുപ്പിനുശേഷമേ സ്റ്റാൻഡ് മാറ്റം ഉണ്ടാകാനിടയുള്ളൂ. എന്നാൽ, ശബരിമല മണ്ഡലകാലത്തിന് മുമ്പ് സ്റ്റാൻഡിന്റെ പണി പൂർത്തിയാക്കി തുറന്നുകൊടുത്തിരുന്നെങ്കിൽ പന്തളത്തെത്തുന്ന തീർഥാടകർക്ക് വലിയ അനുഗ്രഹമാകുമായിരുന്നു. ബസ്‌സ്റ്റാൻഡ് പുതിയ സ്ഥലത്തേക്ക് മാറ്റിയശേഷമേ, പഴയ സ്റ്റാൻഡിന്റെ സ്ഥലത്ത് നഗരസഭാ കോംപ്ലക്‌സിന്റെ പണി നടത്താൻ കഴിയൂ.
ഇതിനുള്ള മണ്ണുപരിശോധന പൂർത്തിയായിരുന്നു. ഓഫീസ് കോംപ്ലക്‌സിന് ഫണ്ട് അനുവദിച്ചുകൊണ്ട് സർക്കാരിന്റെ ഉത്തരവും ലഭിച്ചിട്ടുണ്ട്. അഞ്ചുനിലയിലായി 10,275 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം പണിയുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.
pandalam new private stand
