ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ വക്കീൽ നോട്ടിസ് അയച്ച് ചിറ്റയം ഗോപകുമാർ
പത്തനംതിട്ട ∙ വ്യാജവും രാഷ്ട്രീയ പ്രേരിതവും സത്യ വിരുദ്ധവുമായ പ്രസ്താവനകൾ സമൂഹ മാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലൂടെയും തുടർച്ചയായി നടത്തി അപമാനിക്കാൻ ശ്രമിച്ച ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഡെപ്യൂട്ടി സ്പീക്കറും സിപിഐ ജില്ലാ സെക്രട്ടറിയുമായ ചിറ്റയം ഗോപകുമാർ വക്കീൽ നോട്ടിസ് അയച്ചു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് മാത്രമല്ല, വോട്ടർമാരുടെയും പൊതുജനങ്ങളുടെയും മുൻപിൽ കളങ്കപ്പെടുത്താൻ മനഃപൂർവം ഉദ്ദേശിച്ചുള്ളതാണെന്ന് നോട്ടിസിൽ പറയുന്നു.
സിപിഐ പ്രതിനിധിയായി ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ശ്രീനാദേവി ഇപ്പോൾ യുഡിഎഫ് സ്ഥാനാർഥിയായി പള്ളിക്കൽ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ മത്സരിക്കുകയാണ്. അതിന്റെ ഭാഗമായി സിപിഐയെയും നേതാക്കളെയും ബോധപൂർവം അപമാനിക്കുന്ന പ്രസ്താവനകൾ രാഷ്ട്രീയ പ്രേരിതമായി നടത്തുകയാണ്. അപകീർത്തിപ്പെടുത്തൽ, മാനസിക വേദന, അപമാനം, പ്രശസ്തി നഷ്ടം എന്നിവയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടിസ്.
നോട്ടിസ് ലഭിച്ച് 48 മണിക്കൂറിനുള്ളിൽ നിരുപാധികം ക്ഷമാപണം നടത്തുക, വാർത്താ സമ്മേളനത്തിൽ ശ്രീനാദേവി നടത്തിയ തെറ്റായ പ്രസ്താവനകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ഇല്ലെങ്കിൽ ഭാരത് ന്യായ് സംഹിത 2023 ലെ സെക്‌ഷൻ 356 പ്രകാരം ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും നോട്ടിസിലുണ്ട്. ഹൈക്കോടതി അഭിഭാഷകൻ എം.ജെ.അമൃത് മുഖേനയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
chittayam-gopakumar-issues-legal-notice-to-sreena-devi-kunjamma
