കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിൻ കാലുവാരിയെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ കെ.സി. രാജഗോപാലൻ
പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ പത്തനംതിട്ട സി.പി.എമ്മിലുണ്ടായ പൊട്ടിത്തെറി പുതിയ തലത്തിലേക്ക്. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിൻ കാലുവാരിയെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന നേതാവും മുൻ എം.എൽ.എയുമായ കെ.സി. രാജഗോപാലൻ സി.പി.എം നേതൃത്വത്തിന് പരാതി നൽകും. അതേസമയം, രാജഗോപാലന്‍റെ ആരോപണത്തിൽ അന്വേഷണ സമിതിയെ നിയോഗിച്ച് താൽകാലിക വെടിനിർത്തൽ പ്രഖ്യാപിക്കാനാണ് പാർട്ടി നേതൃത്വത്തിന്‍റെ നീക്കം.
തദ്ദേശ തെരഞ്ഞെടുപ്പിൽ കഷ്ടിച്ച് ജയിച്ചതിന് പിന്നാലെയാണ് ഏരിയ സെക്രട്ടറി തന്നെ കാലുവാരിയെന്ന ആരോപണവുമായി കെ.സി. രാജഗോപാലൻ രംഗത്തെത്തിയത്. മെഴുവേലി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ജനവിധി തേടിയ രാജഗോപാലൻ 28 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഷ്ടിച്ച് ജയിച്ചത്. എന്നാൽ, 20 വർഷത്തിലേറെയായി ഭരിച്ചിരുന്ന പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. ഇതോടെ പഞ്ചായത്ത് പ്രസിഡന്റാകാമെന്ന രാജഗോപാലന്‍റെ മോഹവും അസ്തമിച്ചു.
സ്റ്റാലിൻ കാലുവാരിയത് കൊണ്ടാണ് തന്‍റെ ഭൂരിപക്ഷം 28ൽ ഒതുങ്ങിയതെന്നും പ്രാദേശിക കോൺഗ്രസുകാരുടെ സഹായം കൊണ്ടാണ് ജയിക്കാനായതെന്നും രാജഗോപാലൻ തുറന്നടിച്ചു. നേതാവിനെ സുഖിപ്പിക്കല്‍ എന്നതാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ ശൈലി. ഉന്നത നേതൃത്വത്തിന്‍റെ അറിവോടെയാണ് ഇതെല്ലാം നടന്നതെന്നും രാജഗോപാൽ പറഞ്ഞു.
ഇത്തരത്തിലുള്ള സ്റ്റാലിൻമാർ സി.പി.എമ്മിൽ ഉണ്ടാകാൻ പാടില്ല. സ്റ്റാലിൻ പിടിപ്പുകെട്ടവനാണെന്നും തന്‍റെ ഷർട്ടിൽ പിടിച്ച് വി.എസ് ഗ്രൂപ്പിലൂടെയാണ് കയറി വന്നതെന്നും കെ.സി. രാജഗോപാലൻ പൊട്ടിത്തെറിച്ചു. അധികാരത്തിൽ ഇരുന്നപ്പോൾ പത്രവും മാസികയും വായിക്കില്ല. അധികാരത്തിലിരുന്ന മല്ലപ്പള്ളി പഞ്ചായത്തിൽ ഒറ്റ സീറ്റ് പോലും സി.പി.എമ്മിന് കിട്ടിയില്ലെന്നും രാജഗോപാലൻ ചൂണ്ടിക്കാട്ടി.
അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങളോട് തന്‍റെ നിലപാട് പറയാൻ താൽപര്യമില്ലെന്നും കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിൻ വ്യക്തമാക്കി. സംഘടനാതത്ത്വം അറിയാത്ത ആളല്ല കെ.സി. രാജഗോപാലൻ. തനിക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി നൽകാമായിരുന്നു. താൻ ജില്ല കമ്മിറ്റി അംഗമാണെന്നും തന്‍റെ അഭിപ്രായം പാർട്ടി കമ്മിറ്റിയിൽ പറയുമെന്നും സ്റ്റാലിൻ പറഞ്ഞു.
മുതിർന്ന നേതാവായ രാജഗോപാലൻ പത്തനംതിട്ടയിൽ സി.പി.എമ്മിന്റെ മുഖമാണ്. തെരഞ്ഞെടുപ്പിൽ വി.എസിന്റെ ചിത്രംവെച്ച പോസ്റ്ററുമായാണ് അദ്ദേഹം പ്രചാരണം നടത്തിയത്. വാശിയേറിയ തെരഞ്ഞെടുപ്പിൽ കെ.സി. രാജഗോപാലന് 324 വോട്ടും കോൺഗ്രസ് സ്ഥാനാർഥി രാധാചന്ദ്രൻ 296 വോട്ടും ബി.ജെ.പിയുടെ അനൂപ് (ശിവാനി) 37 വോട്ടും നേടി. 14 വാർഡുള്ള മെഴുവേലി പഞ്ചായത്തിൽ യു.ഡി.എഫ് 9 സീറ്റിൽ വിജയിച്ചു. എൽ.ഡി.എഫ് 5 സീറ്റിൽ ഒതുങ്ങി.
/kc-rajagopal-will-file-a-complaint-against-the-area-secretary-to-the-cpm-leadership
