16കാരിയെ പ്രണയം നടിച്ച് വശീകരിച്ചശേഷം ലൈംഗികപീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ
അടൂർ: 16കാരിയെ പ്രണയം നടിച്ച് വശീകരിച്ചശേഷം ലൈംഗികപീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. പത്തനാപുരം മാങ്കോട് വാഴത്തോട്ടത്തിൽ അനീഷ് ഭവനിൽ എസ്. അജീഷാണ് (23) പിടിയിലായത്.
കഴിഞ്ഞ ദിവസം കുട്ടിയെ കാണാനില്ലെന്ന വിവരം കുട്ടിയുടെ മാതാവ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് അടൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെയും കുട്ടിയെയും കരുവാറ്റ ഇ.വി വായനശാലക്ക് സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.
പ്രതി ഇൻസ്റ്റഗ്രാം വഴി തുടർച്ചയായി മെസ്സേജുകൾ അയച്ചും ഫോണിലൂടെ നിരന്തരം വിളിച്ചുമാണ് ബന്ധം സ്ഥാപിച്ചത്. തുടർന്ന് 2025 ജൂലൈയിൽ വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10ഓടെ കുട്ടിയെ നിർബന്ധിച്ച് വീട്ടുകാരറിയാതെ വിളിച്ചിറക്കിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോനിയമം പ്രകാരം അടൂർ പൊലീസ് ഇൻസ്പെക്ടർ എസ്. ശ്രീകുമാർ കേസെടുക്കുകയായിരുന്നു.
എസ്.ഐ രാധാകൃഷ്ണൻ, എ.എസ്.ഐമാരായ മഞ്ജുമോൾ, വിനോദ്, അഭിലാഷ്, സി.പി.ഒ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് കേസിന്റെ തുടരന്വേഷണം നടത്തുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
arrest-on-sexual-assault-case



