വീട്ടമ്മയെയും മക്കളേയും തീകൊളുത്തി കൊല്ലാൻ ശ്രമം: പ്രതി പിടിയിൽ
കോന്നി ∙ വീട്ടമ്മയെയും മക്കളെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. വടശേരിക്കര അരീക്കക്കാവ് തെങ്ങുംപള്ളിയിൽ ടി.കെ.സിജു പ്രസാദ് (43) ആണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ കൊല്ലൻപടിയിൽ ഇവർ താമസിച്ചിരുന്ന വാടക വീട്ടിലാണ് സംഭവം. വീട്ടമ്മയും മക്കളും കിടന്നുറങ്ങിയ മുറിയിലേക്ക് പെട്രോൾ ഒഴിച്ച ശേഷം കതകിനു മുകളിലുള്ള വെന്റിലേഷനിലൂടെ തീപ്പന്തം എറിയുകയായിരുന്നു.
വീടിന്റെ കതക് പുറത്ത് നിന്ന് പൂട്ടിയ ശേഷമാണ് പ്രതി വീടിന് തീയിട്ടത്. വീടിന്റെ ഇരുമ്പ് കഴുക്കോലിൽ തൂങ്ങി മുകളിൽ കയറി ഓടിളക്കി മാറ്റി മക്കൾ രണ്ടുപേരും പുറത്തിറങ്ങി. തുടർന്ന് നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാരുമായി ചേർന്ന് വാതിൽ വെട്ടിപ്പൊളിച്ച് വീട്ടമ്മയെയും പുറത്തെത്തിക്കുകയായിരുന്നു. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു. ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലെ സാധനങ്ങളും കത്തിനശിച്ചു.
housewife-attacked-arrested
