പന്തളം ജംക്‌ഷനിലെ തകർന്ന നടപ്പാത കാൽനടയാത്രികർക്ക് ഭീഷണി
പന്തളം ∙ തകർന്ന നടപ്പാതകൾ കാൽനടയാത്രികർക്ക് അപകട ഭീഷണിയായി. പൊട്ടിയ ടൈലുകളിൽ തട്ടി കാൽനടയാത്രികർക്ക് പരുക്കേൽക്കുന്നതും പതിവ്. ജംക്‌ഷന്റെ വടക്ക് ഭാഗത്ത് ഇരുവശങ്ങളിലുമാണ് നടപ്പാത തകർന്നത്. ടൈൽ പാകിയിരുന്നത് പല ഭാഗങ്ങളിലും ഇളകി. ശേഷിക്കുന്ന പൊട്ടിയ ടൈലുകളുടെ കൂർത്ത ഭാഗമാണ് അപകട ഭീഷണി. തുമ്പമൺ പഞ്ചായത്ത് മുൻ അംഗം ഷിൽവിൻ കോട്ടയ്ക്കകത്തിനു കഴിഞ്ഞ ദിവസം ഇവിടെ വച്ചു കാലിനു പരുക്കേറ്റിരുന്നു. ഏറ്റവും തിരക്കുള്ള പന്തളത്തെ പ്രധാന ജംക്‌ഷനിലാണ് ഈ സ്ഥിതി. സ്വകാര്യ ബസ് സ്റ്റാൻഡ് മുതൽ കുറുന്തോട്ടയം പാലം വരെയും കിഴക്കുഭാഗത്തുമാണ് നടപ്പാത തകർന്നത്.
2016ൽ കുറുന്തോട്ടയം പാലം പുനർനിർമാണത്തിനൊപ്പം സ്ഥാപിച്ചതാണ് ടൈലുകൾ. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ ടൈലുകൾ ഇളകിയിരുന്നു. ഇപ്പോൾ പല ഭാഗങ്ങളും പൂർണമായി തകർന്നു. നിയമം ലംഘിച്ചെത്തുന്ന വാഹനങ്ങൾ കയറിയിറങ്ങിയാണ് നടപ്പാത തകരുന്നത്. 2022ൽ പൂർത്തിയാക്കിയ എംസി റോഡ് നവീകരണ പദ്ധതിയിലും നടപ്പാത പുനർനിർമിച്ചില്ല. പദ്ധതിയുടെ പരിപാലന കാലയളവ് കഴിഞ്ഞിട്ടില്ല. അതിൽ ഉൾപ്പെടുത്തി നടപ്പാത പുനർനിർമിക്കാൻ കെഎസ്ടിപി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
pandanalam-damaged-footpaths
