റെയിൽവേയിലെ ജോലിക്ക് പകരമായി ഭൂമി കൈക്കൂലി വാങ്ങിയെന്ന അഴിമതിക്കേസിൽ യാദവിനും കുടുംബത്തിനുമെതിരെ കോടതി കുറ്റം ചുമത്തി
ന്യൂഡൽഹി: മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനും തിരിച്ചടി. റെയിൽവേയിലെ ജോലിക്ക് പകരമായി ഭൂമി കൈക്കൂലി വാങ്ങിയെന്ന അഴിമതിക്കേസിൽ യാദവിനും കുടുംബത്തിനുമെതിരെ കോടതി കുറ്റം ചുമത്തി. ഡൽഹിയിലെ റോസ് അവന്യൂ കോടതിയാണ് ലാലുവിനും കുടുംബാംഗങ്ങൾക്കുമെതിരെ വിചാരണ തുടങ്ങാൻ ഉത്തരവിട്ടത്. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി ദേവി, മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ്, മിസ ഭാരതി, ഹേമ യാദവ് എന്നിവർ ഇനി കോടതിയിൽ വിചാരണ നേരിടണം.
2004 മുതൽ 2009 വരെയുള്ള കാലഘട്ടത്തിൽ ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. മധ്യപ്രദേശിലെ ജബൽപൂർ ആസ്ഥാനമായുള്ള വെസ്റ്റ് സെൻട്രൽ റെയിൽവേ സോണിലെ ഗ്രൂപ്പ്-ഡി തസ്തികകളിൽ ജോലി നൽകുന്നതിന് പകരമായി ഉദ്യോഗാർത്ഥികളിൽ നിന്നും അവരുടെ കുടുംബാംഗങ്ങളിൽ നിന്നും ലാലുവിന്റെ കുടുംബം ഭൂമി എഴുതിവാങ്ങിയെന്നാണ് സിബിഐ കണ്ടെത്തൽ.
പ്രധാന ആരോപണങ്ങൾ
റെയിൽവേ റിക്രൂട്ട്‌മെന്റ് നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പല നിയമനങ്ങളും നടത്തിയത്. ഉദ്യോഗാർത്ഥികൾ ലാലുവിന്റെ കുടുംബാംഗങ്ങളുടെയോ അടുത്ത സഹായികളുടെയോ പേരിൽ ഭൂമി കൈമാറുകയായിരുന്നു. ബിനാമി ഇടപാടുകൾ വഴി വലിയ അളവിൽ ഭൂമി കുടുംബത്തിന്റെ കൈവശമെത്തിയെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. ആകെ 103 പ്രതികളുള്ള കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ചുകൊണ്ടാണ് സ്പെഷ്യൽ ജഡ്ജി വിശാൽ ഗോഗ്നെ ഉത്തരവിട്ടത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന അഞ്ച് പേർ ഇതിനകം മരണപ്പെട്ടു. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും വേട്ടയാടുകയാണെന്നുമാണ് ലാലു കുടുംബത്തിന്റെ വാദം. എന്നാൽ കുറ്റം ചുമത്തിയതോടെ കേസ് ഇനി കൃത്യമായ വിചാരണയിലേക്ക് നീങ്ങും. ബിഹാർ രാഷ്ട്രീയത്തിലും ഈ കോടതി വിധി വലിയ ചലനങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
land-for-job-case-charges-open-way-for-trial-against-lalu-yadav-family
