ജലനിരപ്പ് കുറഞ്ഞ് പമ്പ; പുണ്യസ്നാനത്തിനു വെള്ളമെത്തിക്കാൻ കഠിന പരിശ്രമം
ശബരിമല∙വേനൽ കടുത്തു നദികളിലെ ജലനിരപ്പ് കുറഞ്ഞെങ്കിലും മകരവിളക്കിനു തീർഥാടകരുടെ പുണ്യസ്നാനത്തിനും ശുദ്ധജല വിതരണത്തിനും ആവശ്യമായ വെള്ളം എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ജലസേചന വിഭാഗം ജീവനക്കാർ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഡിസംബർ പകുതിയോടെ പമ്പ, കക്കി നദികളിലെ നീരൊഴുക്കു നിലച്ചു. പലയിടത്തും ഇടമുറിഞ്ഞു. കുഴികളിൽ കൈട്ടിക്കിടക്കുന്ന വെള്ളമേയുള്ളു.എന്നിട്ടും പരാതി ഇല്ലാതെ ആവശ്യത്തിനു വെള്ളം എത്തിക്കാൻ കഴിയുന്നതാണ് ജലസേചന വകുപ്പിന്റെ നേട്ടം.ശുദ്ധജല വിതരണത്തിനു ജലഅതോറിറ്റിയുടെ പമ്പിങ്, തീർഥാടകരുടെ സ്നാനം എന്നിവയ്ക്ക് ആവശ്യമായ വെള്ളത്തിനു 6 തടയണയാണ് ജലസേചന വകുപ്പിനുള്ളത്.
പമ്പാനദിയിൽ നാലും കക്കിയാറ്റിൽ രണ്ടും. പമ്പാനദിയിൽ പണ്ടാരക്കയം, ത്രിവേണി പമ്പ് ഹൗസ്, ആറാട്ട് കടവ്, ത്രിവേണി വലിയ പാലം, ചെറിയപാലം, കക്കിയാറ്റിൽ കെഎസ്ആർടിസി, ശ്രീരാമപാദം എന്നിവിടങ്ങളിൽ. ത്രിവേണിയിൽ നിന്ന് 750 മീറ്റർ ഉൾവനത്തിലാണു പമ്പാനദിയിലെ പണ്ടാരക്കരം തടയണ. അതിന്റെ പണികൾ നടത്തി ആദ്യം മുതൽ വെള്ളം സംഭരിക്കാൻ കഴി്ഞ്ഞതാണ് ഇത്തവണത്തെ പ്രധാന നേട്ടം. ഇത് തുറന്നു വിട്ടാണ് ത്രിവേണി പമ്പുഹൗസിലേക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നത്. അതിനു പുറമേ സ്നാനഘട്ടത്തിലെ വെള്ളം സമയബന്ധിതമായി തുറന്നുവിട്ട് നല്ല വെള്ളം നിറയ്ക്കാൻ കഴിയുന്നതിനു പിന്നിൽ ജലസേചന വകുപ്പിലെ 4 ജീവനക്കാരുടെ കഠിന പരിശ്രമമുണ്ട്. പമ്പ ക്യാംപ് ഓഫിസിലെ എസ്എൽആർ വർക്കർ എം.ആർ.സജീവ്, താൽക്കാലിക ജീവനക്കാരായ അമ്പിളി കുമാർ, രാജപ്പൻ, തമ്പി എന്നിവരാണ് ഇതിനു പിന്നിൽ കഷ്ടപ്പെടുന്നത്.
ഭക്തജന സേവനം അയ്യപ്പ പൂജയ്ക്കായുള്ള ഇവരുടെ സേവനം വിലപ്പെട്ടതാണ്.പമ്പാനദിയിലെ നീരൊഴുക്ക് നിലച്ചതിനാൽ ഇപ്പോൾ കുള്ളാർ തടയണയിൽ നിന്ന് എല്ലാ ദിവസവും 20,000ഘനമീറ്റർ വെള്ളം തുറന്നു വിടുന്നുണ്ട്. ഇത് പണ്ടാരക്കയം തടയണയിൽ സംഭരിച്ചാണ് ത്രിവേണിയിലേക്കു തുറന്നു വിടുന്നത്. പെരിയാർ കടുവ സങ്കേതത്തിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായ പ്രദേശമാണ് പണ്ടാരക്കയം. അതിനാൽ മറ്റാർക്കും അവിടേക്ക് പ്രവേശനമില്ല. എപ്പോഴും കാട്ടാന ശല്യമുണ്ട്. ജീവൻ പണയംവച്ചാണു ദിവസവും രാവിലെയും വൈകിട്ടും ഇവർ അവിടെ എത്തുന്നത്. കഴിഞ്ഞ ദിവസവും കാട്ടാനയ്ക്ക് മുൻപിൽ നിന്ന് ഇവർ ഓടി രക്ഷപെടുകയായിരുന്നു.
ത്രിവേണി വലിയപാലം, ചെറിയപാലം, ആറാട്ട് കടവ് എന്നിവിടങ്ങളിലെ തടയണകൾ ദിവസം രണ്ട് നേരം തുറന്നു വിട്ട് മലിനജലം ഒഴുക്കി കളഞ്ഞാണ് അയ്യപ്പന്മാരുടെ സ്നാനത്തിനായി പുതിയ വെള്ളം നിറയ്ക്കുന്നത്. സ്നാനത്തിന് ഇറങ്ങുന്ന തീർഥാടകർക്ക് അപകടം ഉണ്ടാകാതിരിക്കാൻ നദിയിലെ ജലനിരപ്പ് 1.65 മീറ്ററാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ചാണ് ആറാട്ട് കടവ് തടയണ ക്രമീകരിച്ചിട്ടുള്ളത്. ജലസേചന വകുപ്പ് കൊല്ലം ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ഹരിറാം, പത്തനംതിട്ട അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.ജോസ്, റാന്നി അസി. എൻജിനീയർ ഫെലിക്സ് ഐസക് പനച്ചക്കൽ, ഓവർസിയർമാരായ എം.എസ്.ദിനു, സിബിൻ ടൈറ്റസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയാണ് മകരവിളക്ക് ഒരുക്കങ്ങൾ നടത്തിയത്.
sabarimala-water-management
