പകൽപ്പൂരത്തിന് കെട്ടുകാഴ്ച ഒരുക്കാൻ ചോദിച്ച പിരിവ് നൽകിയില്ല; പ്ലൈവുഡ് ഫാക്ടറിയുടെ ഗ്ലാസ് അടിച്ചുതകർത്തു
ഇളമണ്ണൂർ : പകൽപ്പൂരത്തിന് കെട്ടുകാഴ്ച ഒരുക്കാൻ ചോദിച്ച പിരിവ് നൽകാത്തതിന് ഫാക്ടറി ഉടമയെയും ജീവനക്കാരെയും ഒരു സംഘം ആളുകൾ ആക്രമിച്ചു. ഫാക്ടറിയുടെ ഗ്ലാസുകൾ അടിച്ച് തകർക്കുകയും ചെയ്തിട്ടുണ്ട്. ഇളമണ്ണൂർ പൂതങ്കര കെഎം വുഡ് പ്രോഡക്ട്‌സ് എന്ന പ്ലൈവുഡ് ഫാക്ടറിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം നടന്നത്.
ഇളമണ്ണൂരിന് സമീപത്തുള്ള ഒരു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പകൽപ്പൂരത്തിന്റെ പേരിൽ റെഡ് ചില്ലീസ് എന്ന കൂട്ടായ്മയുടെ രസീതുമായി എത്തിയവരാണ് ആക്രമണം നടത്തിയത്. പ്ലൈവുഡ് ഫാക്ടറി ഉടമ സുനുമോൻ, ജീവനക്കാരായ ബിനു മാത്യു, സാജു എന്നിവരെയാണ് ഇവർ സംഘം ചേർന്ന് മർദിച്ചത്. പരിക്കേറ്റ ഇവർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
പകൽപ്പൂരത്തിനായി ഇരുപതിനായിരം രൂപ നൽകണമെന്ന ആവശ്യവുമായിട്ടാണ് ഇവർ എത്തിയത്. ഫാക്ടറി ഉടമ അയ്യായിരം രൂപ നൽകാമെന്ന് അറിയിച്ചു. എന്നാൽ, ഇവർ പതിനായിരം രൂപയുടെ രസീത് എഴുതിയശേഷം ഈ തുക നൽകണമെന്ന് പറഞ്ഞതാണ് തർക്കത്തിലും തുടർന്ന് ആക്രമണത്തിലേക്കും എത്തിയത്. സംഘർഷം തുടങ്ങിയപ്പോൾ ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാർ ഓടിപ്പോയതോടെ ഇവിടെ പ്ലൈവുഡ് പ്രോസസിങ് ചെയ്യുന്നതിനായി തയ്യാറാക്കിയ കെമിക്കൽ കട്ടിയായതും വലിയ സാമ്പത്തിക നഷ്ടത്തിനിടയാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് അടൂർ പോലീസ് സ്ഥലത്തെത്തി കേസെടുത്തു.
PLYWOOD FACTORY
