അനാചാരമായി തീർഥാടകർ പമ്പാനദിയിൽ ഉപേക്ഷിച്ച വസ്ത്രങ്ങൾ പമ്പയിൽനിന്ന് നീക്കാതെ കരാറുകാരൻ; മാലിന്യങ്ങളിൽനിന്നു ദുർഗന്ധം വമിക്കുന്നു
ശബരിമല∙ അനാചാരമായി തീർഥാടകർ പമ്പാനദിയിൽ ഉപേക്ഷിച്ച വസ്ത്രങ്ങൾ പൂർണമായും നീക്കാതെ എല്ലാവരും മടങ്ങി. വെള്ളത്തിൽ കിടക്കുന്ന വസ്ത്രങ്ങൾക്ക് ഇടയിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളിൽനിന്നു ദുർഗന്ധവും വമിച്ചു തുടങ്ങി.തീർഥാടകർ നദിയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ശേഖരിക്കാൻ ദേവസ്വം ബോർഡ് കരാർ നൽകിയിരുന്നു. തമിഴ്നാട് സ്വദേശിയായിരുന്നു ഇതിന്റെ കരാർ എടുത്തിരുന്നത്. 10 തൊഴിലാളികളെ ഉപയോഗിച്ചു ഇവർ നദിയിൽനിന്നു നല്ല വസ്ത്രങ്ങൾ ശേഖരിച്ചു. ഉണക്കി വീണ്ടും വിൽപന നടത്താൻ കഴിയുന്ന വസ്ത്രങ്ങൾ മാത്രമാണ് അവർ ശേഖരിച്ചത്.ബാക്കിയുള്ളവ നദിയിൽ തന്നെ ഉപേക്ഷിച്ചു. ഗുരുതരമായ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുന്ന വിധത്തിലാണ് ഇവ നദിയിൽ അടിഞ്ഞു കൂടിയിട്ടുള്ളത്.
ഇത്തരം വസ്ത്രങ്ങൾക്കിടയിലാണു മാലിന്യവും ചെളിയും അടിഞ്ഞു കൂടി കിടക്കുന്നത്. തീർഥാടകർ സ്നാനം നടത്തി മലിനമായ ജലം തുറന്നു വിട്ട് ഒഴുക്കി കളഞ്ഞു. തുണികൾ ഒഴുകി പോകാതെ ത്രിവേണി ചെറിയപാലം. ആറാട്ട് കടവ് തടയണ എന്നിവയുടെ ഭാഗത്തു വൻതോതിൽ അടിഞ്ഞുകൂടി കിടക്കുകയാണ്. തുണിയുടെ അളവ് കൂടുതൽ ആയതിനാൽ മണ്ണുമാന്തി ഉപയോഗിച്ച് ഇവ കോരി പുറത്തെടുത്തു ഇൻസിനറേറ്ററിൽ എത്തിച്ചു കത്തിച്ചു കളയുകയേ മാർഗമുള്ളു. കരാറുകാർ നദിയിൽ നിന്നു ശേഖരിച്ച 20 ടൺ വസ്ത്രങ്ങൾ തമിഴ്നാട്ടിലേക്കു കൊണ്ടുപോയി. കുറെ കെട്ടുകളാക്കി പമ്പയിൽ കൂട്ടിയിട്ടിട്ടുണ്ട്. വിശുദ്ധിസേന മടങ്ങുന്നതിനു മുൻപു സ്നാനഘട്ടത്തിലെ പടികളിൽ ഉണ്ടായിരുന്ന കുറെ വസ്ത്രങ്ങൾ നീക്കം ചെയ്തു. നദിയിലെ വെള്ളത്തിൽ കിടന്ന വസ്ത്രങ്ങൾ അവർക്കും നീക്കാൻ കഴിഞ്ഞില്ല.
ജലസേചന വകുപ്പിനു ഫണ്ട് ഇല്ലാത്തതിനാൽ മണ്ണുമാന്തി ഉപയോഗിച്ചു മാലിന്യങ്ങൾ നീക്കാൻ അവർക്കു കഴിയില്ല. കുംഭമാസ പൂജയ്ക്ക് ഫെബ്രുവരി 12നു നട തുറക്കും. 17 വരെ പൂജകൾ ഉണ്ട്. വേനലിന്റെ തീവ്രതയിൽ നീരൊഴുക്ക് നിലച്ചു വറ്റിയ നിലയിലാണ്. മാസപൂജയ്ക്കു നട തുറക്കുമ്പോൾ തീർഥാടകരുടെ പുണ്യസ്നാനത്തിനു കുള്ളാർ ഡാം തുറന്നു വിട്ടു വെള്ളം എത്തിക്കേണ്ടിവരും. അതിനു മുൻപു നദിയിൽ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്യണം. ഇല്ലെങ്കിൽ ഡാം തുറന്നു വിട്ടു ശേഖരിക്കുന്ന വെള്ളവും മലിനമാകും.
/sabarimala-waste-management
