കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജ് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. മന്ത്രിയുടെ കഴുത്തിനേറ്റ പരുക്കിന്റെ വേദന കൈയിലേക്ക് കൂടി വ്യാപിച്ചുവെന്നും ബി പി ഹൈലെവലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ന്യൂറോ സർജ്ജൻ അടങ്ങുന്ന വിദഗ്ധ സംഘം രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില പരിശോധിച്ചിരുന്നു.
ഇന്ന് രാവിലെ 10 മണിയ്ക്ക് മെഡിക്കൽ ബോർഡ് യോഗം ചേരും. ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചത്. കഴുത്തിലെ ക്ഷതം, എംആർഐ സ്കാനിംഗ് ഉൾപ്പെടെ നടത്തി ആവശ്യമായ ചികിത്സ നൽകണമെന്ന് മെഡിക്കൽ ബോർഡ് തീരുമാനിച്ചിരുന്നു.
കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് മുതൽ അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് കെഎസ്‌യു പ്രവർത്തകരെ റിമാൻഡ് ചെയ്തു. കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ, അക്ഷയ് ,ബിതുൽ ബാലൻ, മുബാസ് , അഹമ്മദ് യാസീൻ എന്നിവരെ ആണ് റിമാൻഡ് ചെയ്തത്. മന്ത്രിയുടെ ഔദ്യോഗിക വാഹനം തടഞ്ഞ സംഭവത്തിൽ 10 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെയും കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയിലും കണ്ണൂരിൽ വിവിധയിടങ്ങളിൽ അക്രമുണ്ടായി.
veena george



