കോന്നി : കോന്നി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു. ജനീഷ് കുമാർ ശനിയാഴ്ച (21.3.2026) നാമനിർദ്ദേശ പത്രിക സമർപ്പിക്കും. രാവിലെ 11 ന് ഉപവരണാധികാരി കോന്നി തഹസിൽദാർ മുമ്പാകെയാണ് പത്രിക സമർപ്പിക്കുന്നത്. 10.30 ന് കോന്നി ജംഗ്ഷനിൽ നിന്നും എൽ.ഡി.എഫ് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്രകടനമായാണ് മിനി സിവിൽ സ്റ്റേഷനിലേക്ക് എത്തുന്നത്. പത്രികാ സമർപ്പണം ആഘോഷമാക്കാനാണ് പ്രവർത്തകരുടെ തീരുമാനം.
കോന്നി നിയോജക മണ്ഡലത്തിലെ സീതത്തോട് സ്വദേശിയായ കെ.യു. ജനീഷ് കുമാർ നിലവിൽ സിറ്റിംഗ് എം.എൽ.എയാണ്. 23 വർഷം യു.ഡി.എഫ് കൈവശം വച്ചിരുന്ന കോന്നി മണ്ഡലം 2019 ലെ ഉപതിരഞ്ഞെടുപ്പിൽ ജനീഷ് കുമാറിലൂടെയാണ് എൽ.ഡി.എഫ് തിരിച്ചുപിടിച്ചത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ ജനീഷ് കുമാർ സീതത്തോട് കെ.ആർ.പി.എം ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായാണ് സംഘടനാ പ്രവർത്തനം തുടങ്ങുന്നത്. റാന്നി സെന്റ് തോമസ് കോളേജിൽ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീട് റാന്നി ഏരിയാ പ്രസിഡന്റും സെക്രട്ടറിയുമായി.സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദത്തിന് പഠിക്കുമ്പോൾ കോളേജ് യൂണിയൻ ചെയർമാനായി.
എം.ജി. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറും യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്നു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള ടെക്‌നിക്കൽ യൂണിവേഴ്സിറ്റി ഭരണസമിതി അംഗമായിരുന്നു. എൽ.എൽ.ബി ബിരുദധാരിയും പത്തനംതിട്ട ബാറിലെ അഭിഭാഷകനുമാണ്. 2010 ൽ സീതത്തോട് ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ചത് കോൺഗ്റസിന്റെ കുത്തക വാർഡിൽ കോൺഗ്രസിന്റെ പ്രമുഖ നേതാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയായിരുന്നു. റഷ്യയിലെ സോച്ചിയിൽ 2017ആഗസ്റ്റ് 14 മുതൽ 22 വരെ നടന്ന ലോക യുവജന സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ച് സംസാരിച്ചിട്ടുണ്ട്. സീതത്തോട് കാലായിൽ വീട്ടിൽ പരേതനായ പി.ഉത്തമന്റെയും വിജയമ്മയുടെയും മകനാണ്. ഭാര്യ : അനുമോൾ. മക്കൾ : ന്യപൻ .കെ. ജനീഷ് , ആസിഫ അനു ജനീഷ് .
ku jenish kumar election
