പത്തനംതിട്ട ജില്ലയില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു
പത്തനംതിട്ട : നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിലെ വിവിധ പോളിംഗ് സ്റ്റേഷനുകളിലേക്ക് ആവശ്യമായ പോളിംഗ് സാമഗ്രികളുടെ വിതരണം പുരോഗമിക്കുന്നു. കോന്നി, റാന്നി, തിരുവല്ല, ആറന്മുള, അടൂര്‍ മണ്ഡലങ്ങളിലെ പോളിംഗ് സാമഗ്രികള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി. രാവിലെ എട്ട് മണിയോടെ പോളിംഗ് സാമഗ്രികള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമുകള്‍ തുറന്നു. സ്ഥാനാര്‍ഥികളുടെ സാന്നിധ്യത്തിലാണ് സ്ട്രോങ്ങ് റൂമുകള്‍ തുറന്നത്. തുടര്‍ന്ന് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ഏറ്റവും കൂടുതല്‍ ദൂരത്തിലുള്ള പോളിംഗ് സ്റ്റേഷനിലെ സാമഗ്രികള്‍ ആണ് ആദ്യം വിതരണം ചെയ്തത്.
നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ സാമഗ്രികള്‍ ഏറ്റുവാങ്ങി അതാത് പോളിംഗ് സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു. പത്തനംതിട്ട ജില്ലാ കളക്ടറും വരണാധികാരിയുമായ എസ്.പ്രേം കൃഷ്ണന്റെ നേതൃത്വത്തിലാണ് നടപടികള്‍ ഏകോപിപ്പിച്ചത്. പ്രശ്നബാധിത ബൂത്തുകളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ 25 പ്രശ്നബാധിത ബൂത്തുകളാണ് ഉള്ളത്. അടൂരില്‍ പതിമൂന്നും തിരുവല്ലയില്‍ നാലും കോന്നിയില്‍ നാലും റാന്നിയില്‍ നാലുമാണ് മണ്ഡലത്തിലെ കണക്ക്. 163 പ്രശ്ന സാധ്യതാ ബൂത്തുകളാണ് ഉള്ളത്. ആറന്മുള – 54, അടൂര്‍ – 43, തിരുവല്ല -22, കോന്നി -38, റാന്നി – 6 എന്നിങ്ങനെയാണ് ജില്ലയിലെ കണക്ക്.
legislative-assembly-elections-2026-distribution-of-polling-materials-held-in-pathanamthitta
