ചെങ്ങന്നൂർ: മാലിദ്വീപിലെ സ്കൂളിൽ കമ്പ്യൂട്ടർ ലാബിൽ ഗെയിം കളിക്കുന്നത് വിലക്കിയ മലയാളി അധ്യാപികയ്ക്ക് നേരെ വിദ്യാർത്ഥിയുടെ ക്രൂരമായ ആക്രമണം. ചെങ്ങന്നൂർ തിട്ടമേൽ സ്വദേശി ദീപക് ശശിയുടെ ഭാര്യ സ്മിത എൻ. പിള്ളയ്ക്കാണ് (35) എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ഗുരുതരമായി പരുക്കേറ്റത്. ആക്രമണത്തിൽ അധ്യാപികയുടെ മൂക്കിന്റെ എല്ലിന് പൊട്ടലേറ്റു.
കഴിഞ്ഞ ഏപ്രിൽ 12-നാണ് സംഭവം നടന്നത്. മാലിദ്വീപിലെ ഗധൂ ദ്വീപിലുള്ള ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപികയാണ് സ്മിത. ക്ലാസ് സമയത്ത് കമ്പ്യൂട്ടർ ലാബിലിരുന്ന് ഗെയിം കളിച്ച വിദ്യാർത്ഥിയെ സ്മിത പലതവണ വിലക്കിയിരുന്നു. എന്നാൽ അധ്യാപികയെ അനുസരിക്കാൻ തയ്യാറാകാതിരുന്ന വിദ്യാർത്ഥി ഗെയിം തുടരുകയായിരുന്നു.ഗെയിം കളിക്കുന്നത് തുടർന്നാൽ വീഡിയോ പകർത്തി പ്രിൻസിപ്പലിന് റിപ്പോർട്ട് ചെയ്യുമെന്ന് സ്മിത മുന്നറിയിപ്പ് നൽകി. ഇതിൽ പ്രകോപിതനായ വിദ്യാർത്ഥി അധ്യാപികയുടെ ഫോൺ തട്ടിപ്പറിച്ചെടുത്ത് എറിയുകയും മുഖത്ത് തുടർച്ചയായി ഇടിക്കുകയുമായിരുന്നു.ഗുരുതരാവസ്ഥയിൽ സ്മിത:ക്രൂരമായ മർദ്ദനമേറ്റ് മൂക്കിൽ നിന്ന് രക്തം വാർന്ന് സ്മിത ബോധരഹിതയായി വീണു. ഉടൻ തന്നെ സഹപ്രവർത്തകർ സ്മിതയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മാറ്റി. മൂക്കിന്റെ എല്ലിന് പൊട്ടലുള്ളതിനാൽ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.
സുരക്ഷയിൽ ആശങ്ക: ഒരു വർഷം മുൻപാണ് സ്മിത ഈ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്. മാലിദ്വീപിലെ രണ്ടായിരത്തോളം വരുന്ന അധ്യാപകരിൽ ഭൂരിഭാഗവും മലയാളികളാണെന്നും, ഈ സംഭവം അവിടെ ജോലി ചെയ്യുന്നവരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതായും സ്മിതയുടെ ഭർത്താവ് ദീപക് പറഞ്ഞു.സ്മിതയെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഇതിനായി ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെട്ടതായും കുടുംബം അറിയിച്ചു. സ്കൂൾ അധികൃതർ സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
teacher
