കാലവർഷം ശക്തിപ്രാപിച്ചതോടെ പത്തനംതിട്ട ഡോക്ടേഴ്സ് ലൈൻ റോഡിൽ വെള്ളക്കെട്ട്
പത്തനംതിട്ട : കാലവർഷം ശക്തിപ്രാപിച്ചതോടെ പത്തനംതിട്ട നഗരസഭയിലെ 17-ാം വാർഡിൽപ്പെട്ട ഡോക്ടേഴ്സ് ലൈൻ റോഡിൽ വെള്ളക്കെട്ട്. അശാസ്ത്രീയമായ റോഡ് നിർമാണമാണ് ഇവിടെ ദുരിതം വിതയ്ക്കുന്നത്. കൃത്യമായ ഓട സംവിധാനം ഇല്ലാത്തതിനാൽ ചെറിയൊരു മഴ പെയ്താൽപോലും റോഡിൽ വെള്ളം നിറയുന്ന അവസ്ഥയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിക്ക് പിന്നിലൂടെ കടന്നുപോകുന്ന ഈ റോഡിലൂടെ നിരവധി രോഗികളും വാഹനങ്ങളുമാണ് നിത്യേന കടന്നുപോകുന്നത്. റോഡിലെ വെള്ളക്കെട്ട് കാരണം കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ടുകയാണ്. റോഡിലൂടെ പോകുന്ന വാഹനങ്ങൾ ചെളിവെള്ളം തെറിപ്പിക്കുന്നത് കാൽനടയാത്രക്കാർക്ക് വലിയ ദുരിതമായി മാറിയിരിക്കുന്നു. റോഡിൽ ദിവസങ്ങളോളം കെട്ടിക്കിടക്കുന്ന മലിനജലം ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുക്‌ജന്യരോഗങ്ങൾ പടർന്നുപിടിക്കാൻ കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ജനറൽ ആശുപത്രിക്ക് തൊട്ടടുത്തുള്ള റോഡിലാണ് ഈ ശുചിത്വമില്ലായ്മ എന്നത് സ്ഥിതി ഗുരുതരമാക്കുന്നു.അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.
heavy rain



