വ്യാപകമായി ഇ– ചെലാൻ തട്ടിപ്പ്
പത്തനംതിട്ട ∙ ഇ– ചെലാന്റെ പേരിൽ വ്യാപക സൈബർ തട്ടിപ്പ് നടക്കുന്നതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നു നിർദേശം. വാഹനത്തിനു ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്നും ഉടൻ പണം അടച്ചില്ലെങ്കിൽ നിയമനടപടി ഉണ്ടാകുമെന്നും കാണിച്ച് കുറച്ചു ദിവസങ്ങളായി ഒട്ടേറെ ആളുകൾക്കു വാട്സാപ്പിലും എസ്എംഎസ് വഴിയും സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഔദ്യോഗിക സന്ദേശങ്ങൾക്കു സമാനമായ രീതിയിലാണ് തട്ടിപ്പുകാർ ലിങ്കുകൾ അയയ്ക്കുന്നത്.
‘‘നിങ്ങൾ ട്രാഫിക് നിയമലംഘനം
നടത്തി. ഇ– ചെലാൻ അടയ്ക്കാൻ ഈ ലിങ്കിൽ അമർത്തൂ...’’
ഈ ലിങ്ക് കണ്ടാൽ ക്ലിക്ക് ചെയ്യരുത് !!!
മെസേജുകളിൽ പിഴ അടയ്ക്കാനുള്ള ഒരു ലിങ്ക് ഉണ്ടാകും. അല്ലെങ്കിൽ ഒരു ആപ്ലിക്കേഷൻ ഫയൽ (.apk file) ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരുടെ കയ്യിലാകുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോർത്തി പണം കവരുകയും ചെയ്യും.
മോട്ടർ വാഹന വകുപ്പിന്റെയോ പൊലീസിന്റെയോ ഇ-ചെല്ലാൻ പിഴകൾ പരിശോധിക്കുന്നതിനും അടയ്ക്കുന്നതിനും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://echallan.parivahan.gov.in മാത്രം ഉപയോഗിക്കുക. ഗതാഗത വകുപ്പോ പൊലീസോ ഒരിക്കലും വാട്സാപ് വഴി പിഴയടക്കാനുള്ള ഡയറക്ട് ലിങ്കുകളോ ഇൻസ്റ്റാൾ ചെയ്യാനുള്ള ഫയലുകളോ അയയ്ക്കാറില്ല. പിഴയടക്കാൻ എന്ന പേരിൽ ആരെങ്കിലും ആവശ്യപ്പെട്ടാൽ ഒരു കാരണവശാലും പുറത്തുനിന്നുള്ള ആപ്പുകൾ (APK ഫയലുകൾ) ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുത്.
ഇ– ചെലാൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുകയാണെങ്കിൽ ഒട്ടും സമയം കളയാതെ ആദ്യ മണിക്കൂറിൽ തന്നെ പ്രതികരിക്കണം. 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിൽ ഉടനടി വിളിച്ച് പരാതി റജിസ്റ്റർ ചെയ്യുക.
e-challan-scam-alert
