പത്തനംതിട്ട ചെന്നീർക്കരയിൽ റോഡ് സുരക്ഷാ ബോധവത്കരണവുമായി വിദ്യാർഥികൾ തെരുവിലിറങ്ങി. ചെന്നീർക്കര എസ്.എൻ.ഡി.പി. ഹയർ സെക്കൻഡറി സ്കൂളിലെ പവർ ബ്രിഗേഡ് അംഗങ്ങളാണ് യാത്രക്കാർക്ക് റോഡ് നിയമങ്ങളെക്കുറിച്ച് ക്ലാസെടുത്തത്. സ്കൂളിൽ സംഘടിപ്പിച്ച 'സ്വപ്നച്ചിറകുകൾ' എന്ന ത്രിദിന ജീവിത നൈപുണി ക്യാമ്പിന്റെ ഭാഗമായായിരുന്നു ഈ വേറിട്ട പ്രവർത്തനം.
വിദ്യാർഥികളിൽ ജീവിതനൈപുണികളും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ടാണ് ചെന്നീർക്കര എസ്.എൻ.ഡി.പി. എച്ച്.എസ്.എസിൽ 'സ്വപ്നച്ചിറകുകൾ' എന്നപേരിൽ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചത്. സ്കൂൾ മാനേജർ എം.ആർ. മനുകുമാർ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ക്യാമ്പിനോടനുബന്ധിച്ചാണ് വിദ്യാർഥികളിലും പൊതുജനങ്ങളിലും റോഡ് സുരക്ഷാ അവബോധം വളർത്തുന്നതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്തത്. പവർ ബ്രിഗേഡ് അംഗങ്ങളായ വിദ്യാർഥികൾ നേരിട്ട് സ്കൂൾ ജങ്ഷനിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതുവഴി കടന്നുപോയ വാഹനങ്ങളിലെ യാത്രക്കാർക്ക് കുട്ടികൾ റോഡ് നിയമങ്ങളെക്കുറിച്ചും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും വിശദീകരിച്ചുകൊടുത്തു.
ട്രാഫിക് ചിഹ്നങ്ങളെക്കുറിച്ചും സൂചനാ ബോർഡുകളെക്കുറിച്ചും യാത്രക്കാരെ ബോധവത്കരിച്ച വിദ്യാർഥികളുടെ ഇടപെടൽ നാട്ടുകാരുടെയും പ്രശംസ പിടിച്ചുപറ്റി. വാഹനാപകടങ്ങൾ കുറയ്ക്കാനും സുരക്ഷിതമായ യാത്രാശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും ഇത്തരം പ്രവർത്തനങ്ങൾ സഹായകമാകുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
പവർ ബ്രിഗേഡ് കൺവീനർമാരും അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി. വാർഡ് അംഗം ജിനു ഉല്ലാസ്, പി.ടി.എ. പ്രസിഡന്റ് ആർ. രഞ്ജിനി, പ്രിൻസിപ്പൽ ടി.എസ്. രാജേഷ്, സീനിയർ അസിസ്റ്റന്റ് ഷീജാ തോമസ്, ക്യാമ്പ് കോഡിനേറ്റർ സിമി മാത്യു, അമ്പിളി ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
റോഡ് നിയമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത പുതുതലമുറ തന്നെ യാത്രക്കാരെ ഓർമ്മിപ്പിക്കുമ്പോൾ, അത് നാടിന് വലിയൊരു മാതൃകയാവുകയാണ്..
pathanamthitta
