ശബരിമല നട കർക്കടക മാസ പൂജയ്ക്കായി തുറന്നു
ശബരിമല ∙ കർക്കടക മാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു. കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്നപ്പോൾ സന്നിധാനമാകെ ശരണംവിളികളായിരുന്നു.ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ച ശേഷം മാളികപ്പുറം ക്ഷേത്രനട തുറക്കാനായി അവിടത്തെ മേൽശാന്തി വാസുദേവൻ നമ്പൂതിരിക്ക് താക്കോലും ഭസ്മവും നൽകി യാത്രയാക്കി. പിന്നീട് പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. തുടർന്നു ഭക്തരെ പതിനെട്ടാംപടി കയറി ദർശനം നടത്താൻ അനുവദിച്ചു. പടികയറാനായി ബാരിക്കേഡുകൾക്ക് പുറത്തും തീർഥാടകർ തിങ്ങിനിറഞ്ഞിരുന്നു. 21 വരെ പൂജകൾ ഉണ്ടാകും. ദിവസവും നെയ്യഭിഷേകം, അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം, ഉദയാസ്തമനപൂജ, പടിപൂജ എന്നിവ നടക്കും. 21ന് രാത്രി 10ന് നട അടയ്ക്കും. നിറപുത്തരി ആഘോഷത്തിനായി 29ന് വീണ്ടും തുറക്കും. 30ന് രാവിലെ 5.30നും 6.30നും മധ്യേയാണ് നിറപുത്തരി.
sabarimala