ഇരയായയാൾ ആരുടെയോ അടിമയെ പോലെയാണ് പെരുമാറിയത്... വിഡിയോകോളിലൂടെ ഹിപ്നോട്ടിസം ചെയ്യുന്നത് പോലെ ഇരയെ വരുതിയലാക്കിയിരുന്നു’ -കഴിഞ്ഞ ദിവസം ഡിജിറ്റൽ അറസ്റ്റിലൂടെ 21.5 ലക്ഷം രൂപ തട്ടാനുള്ള ശ്രമം പൊളിച്ച ബാങ്ക് ഓഫ് ബറോഡ തിരുവല്ല ശാഖയിലെ ഉദ്യോഗസ്ഥൻ വിനോദ് ചന്ദ്രന്റെ വാക്കുകളാണിത്
തിരുവല്ല: ‘നമ്മൾ പത്രമാധ്യമങ്ങളിൽ ആണ് ഡിജിറ്റൽ അറസ്റ്റിന്റെ വാർത്തകൾ വായിക്കാറുള്ളത്. പക്ഷേ, നേരിട്ട് കണ്ടപ്പോഴാണ് അതിന്റെ തീവ്രത മനസ്സിലായത്. ഇരയായയാൾ ആരുടെയോ അടിമയെ പോലെയാണ് പെരുമാറിയത്... വിഡിയോകോളിലൂടെ ഹിപ്നോട്ടിസം ചെയ്യുന്നത് പോലെ ഇരയെ വരുതിയലാക്കിയിരുന്നു’ -കഴിഞ്ഞ ദിവസം ഡിജിറ്റൽ അറസ്റ്റിലൂടെ 21.5 ലക്ഷം രൂപ തട്ടാനുള്ള ശ്രമം പൊളിച്ച ബാങ്ക് ഓഫ് ബറോഡ തിരുവല്ല ശാഖയിലെ ഉദ്യോഗസ്ഥൻ വിനോദ് ചന്ദ്രന്റെ വാക്കുകളാണിത്.
വലിയ തുക ട്രാൻസ്ഫർ ചെയ്യാൻ പ്രായമായവർ വരുമ്പോൾ അക്കൗണ്ട് നമ്പർ വെരിഫൈ ചെയ്യാൻ ഫോൺ കാണിക്കണമെന്ന് ബാങ്ക് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് നന്നാകുമെന്ന് അദ്ദേഹം പറയുന്നു. ഇത്തരമൊരു ഇടപെടലാണ് തിരുവല്ലയിലെ വീട്ടമ്മയെ വൻ തട്ടിപ്പിൽ നിന്ന് രക്ഷിച്ചത്.
‘60 വയസ്സിലേറെ പ്രായമുള്ള, വളരെ പരിചിതയായ കസ്റ്റമറാണ് ഞങ്ങളുടെ അടുക്കൽ വന്നത്. അവരുടെ സ്ഥിര നിക്ഷേപങ്ങൾ മുഴുവൻ ഒറ്റയടിക്ക് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഫിക്സഡ് ഡിപ്പോസിറ്റ് എല്ലാം കാലാവധി എത്തും മുമ്പ് ക്ലോസ് ചെയ്താൽ മാഡത്തിന് പലിശ നഷ്ടം ഉണ്ടാവുമല്ലോ എന്ന് ഞാൻ ചൂണ്ടിക്കാണിച്ചു. മറ്റു മാർഗ്ഗങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് ആരാഞ്ഞു. നഷ്ടത്തോട് കൂടി ആണെങ്കിലും ക്ലോസ് ചെയ്യണമെന്നും മക്കൾക്ക് ഫ്ലാറ്റ് വാങ്ങാൻ തുക ഡൽഹിക്ക് അയക്കണമെന്നും അവർ പറഞ്ഞു. അവർ നിർബന്ധിച്ചതോടെ സ്ഥിര നിക്ഷേപം ക്ലോസ് ചെയ്ത് അവരുടെ അക്കൗണ്ടിലോട്ട് പണം മാറ്റിക്കൊടുത്തു.
തുടർന്ന് പണം കൈമാറാനുള്ള ട്രാൻസ്ഫർ ഫോം പൂരിപ്പിച്ചു വന്നപ്പോൾ മക്കളുടെ പേരിന് പകരം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേരാണ് കണ്ടത്. അപ്പോൾ സംശയം തോന്നി. ‘എന്തുകൊണ്ടാണ് മാഡം നേരിട്ട് ഇതുപോലെ അയച്ചു കൊടുക്കുന്നത്, മക്കൾക്ക് അയച്ചു കൊടുത്താൽ പോരേ’ എന്ന് ചോദിച്ചു. മക്കളുടെ നിർദേശപ്രകാരമാണ് ഇങ്ങനെ അയക്കുന്നത് എന്നായിരുന്നു മറുപടി. ഇതോടെ, സംശയം കൂടി. മക്കൾ തന്നതാണെങ്കിൽ ക്രോസ് ചെക്ക് ചെയ്യാൻ ആ ചാറ്റ് എന്നെ കൂടി കാണിക്കാമോ എന്ന് ചോദിച്ചു. അതോടെ അവർ അല്പം പരുങ്ങി. ഫോണിൽ എന്തൊക്കെയോ ടൈപ്പ് ചെയ്തുകൊണ്ടിരുന്നു. മക്കളുമായിട്ട് ചാറ്റ് ചെയ്യുകയാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ, റിപ്പീറ്റ് ചെയ്ത് ചോദിച്ചിട്ടും അവർ ചാറ്റ് കാണിക്കാൻ തയാറായില്ല. ‘സാർ, ഞാൻ അത് ഓൾറെഡി ക്രോസ് ചെക്ക് ചെയ്തതാണ്, സാർ പേയ്മെന്റ് ചെയ്തോളൂ’ എന്നായിരുന്നു മറുപടി.
‘മാഡം 20 ലക്ഷത്തിനു മുകളിൽ ഉള്ള തുകയല്ലേ, കൈമറിഞ്ഞു പോയാൽ നമുക്ക് അത് കിട്ടുകയല്ല. അതുകൊണ്ട് മക്കൾ അയച്ചു തന്ന ഡീറ്റയിൽസ് വെച്ച് ഒന്ന് ക്രോസ് ചെക്ക് ചെയ്താൽ മാത്രം മതി’ എന്നായി ഞാൻ. രണ്ടോ മൂന്നോ തവണ ഇക്കാര്യം ആവർത്തിച്ച് പറഞ്ഞപ്പോൾ മാത്രമാണ് "ഞാൻ മക്കളോട് ചോദിക്കട്ടെ" എന്ന് അവർ പറഞ്ഞ്. പിന്നീട്, മക്കൾ ബിസി ആണെന്നും കണക്ട് ചെയ്യുന്നില്ല എന്നും അവർ അറിയിച്ചു. അപ്പോഴെല്ലാം അവർ ആരോടോ ചാറ്റ് ചെയ്യുന്നുണ്ടായിരുന്നു.
അക്കൗണ്ട് ഡീറ്റയിൽസ് കാണിക്കാതെ ഇത്രയും വലിയ തുക കൈമാറാൻ കഴിയില്ലെന്ന് തീർത്തുപറഞ്ഞതോടെ അവർ ചെറിയ വിറയലോടുകൂടി ഫോൺ എന്റെ നേരെ കാണിച്ചു. ആ സമയത്ത് അവർ ആരുടെയോ ഒരു അടിമയെ പോലെയുള്ള അവസ്ഥ ആയിരുന്നു. അക്കൗണ്ട് നമ്പർ കാണിക്കുകയാണെന്നാണ് ഞാൻ കരുതിയത്. നോക്കിയപ്പോൾ ആ മെസേജിന്റെ മുകളിൽ സുപ്രീം കോർട്ട് ഓഫ് ഇന്ത്യ എന്നും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്നുമുള്ള ലെറ്റർ ഹെഡുകളാണ് കാണുന്നത്.
അത് കണ്ടമാത്രയിൽ തന്നെ വെർച്വൽ അറസ്റ്റ് ആണ് എന്ന് എനിക്ക് മനസ്സിലായി. കാരണം ഒരിക്കലും സുപ്രീം കോർട്ടോ സെൻട്രൽ ബാങ്കോ ഒന്നും ഇങ്ങനെ നേരിട്ട് വ്യക്തികളുമായിട്ട് ഡീൽ ചെയ്യുന്ന പതിവില്ലെന്ന് എല്ലാവർക്കും അറിയാല്ലോ.
ഈ സമയത്തും ഇവർ തട്ടിപ്പുകാരുടെ വിഡിയോ കോളിൽ തുടരുകയായിരുന്നു. ഈ ഒരു പ്രത്യേക സ്റ്റേജിൽ പ്രത്യേക മാനസികാവസ്ഥ തട്ടിപ്പുകാർ ക്രിയേറ്റ് ചെയ്തിരുന്നു. മക്കളെ പോലും ഒന്ന് വിളിച്ചറിയിക്കാനുള്ള സാവകാശം കൊടുത്തിരുന്നില്ല. രാത്രി ഉറങ്ങുമ്പോൾ പോലും ഫോൺ കട്ട് ചെയ്യാൻ സമ്മതിക്കില്ല, അതാണ് അതിന്റെ പ്രത്യേകത. അതിഭയങ്കരമായി ഫോൺ ചൂടാകുന്നു എന്ന് വന്നപ്പോൾ അക്കാര്യം അങ്ങോട്ട് മെസ്സേജ് ചെയ്തപ്പോഴാണ് എന്നാൽ ഒരു നാലു മണിക്കൂർ നിർത്തിക്കോളൂ എന്ന് അവർ പെർമിഷൻ കൊടുക്കുന്നത്. അതുപോലൊരു അടിമത്ത മനസ്ഥിതിയിലേക്ക് തട്ടിപ്പുകാർ അവരെ കൊണ്ടുവന്നിരുന്നു. അതാണ് ഈ തട്ടിപ്പിന്റെ ഒരു പ്രത്യേകത. അത് സംഭവിക്കുമ്പോഴേ അതിന്റെ തീവ്രത പിടികിട്ടുകയുള്ളൂ. നമ്മളൊന്നും പൊട്ടന്മാരല്ലോ എന്ന് നമ്മൾ വിചാരിക്കും. എന്നിരുന്നാലും പ്രായമായവർ ഈ തട്ടിപ്പിൽ ഇരയാക്കപ്പെടും’ -വിനോദ് ചന്ദ്രൻ പറഞ്ഞു.
വിദേശജോലിക്കു ശേഷം തിരുവല്ലയിലെ മഞ്ഞാടിയിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന 68കാരിയെയാണ് തട്ടിപ്പുസംഘം രണ്ട് ദിവസത്തോളം ‘ഡിജിറ്റൽ അറസ്റ്റ്’ നടത്തിയത്. 21.5 ലക്ഷം രൂപ തട്ടിപ്പുകാർക്ക് കൈമാറാനുള്ള നീക്കം ബാങ്ക് ജീവനക്കാരുടെ ബുദ്ധിപൂർവമായ ഇടപെടലിലൂടെ തടയുകയായിരുന്നു. ഇക്കഴിഞ്ഞ ഞായർ ഉച്ചയ്ക്കാണ് അക്കൗണ്ട് ഉടമയുടെ ഫോണിലേക്ക് വിഡിയോ കോൾ വരുന്നത്. മുംബൈ ക്രൈം ഡിപ്പാർട്ട്മെന്റിൽ നിന്നാണ് വിളിക്കുന്നതെന്നും നിങ്ങളുടെ കനറ ബാങ്കിലെ അക്കൗണ്ട് ആധാർ കാർഡിൽ തിരിമറി നടത്തിയതായി വിവരം കിട്ടിയതായും പറഞ്ഞു. ഇതിന്റെ വിവരം അറിയാനാണെന്ന് വിളിച്ചയാൾ പറഞ്ഞു.
തനിക്ക് ബാങ്ക് ഓഫ് ബറോഡയിൽ മാത്രമേ അക്കൗണ്ട് ഉള്ളുവെന്നു പറഞ്ഞപ്പോൾ അതിന്റെ വിശദാശംങ്ങൾ ചോദിക്കാൻ തുടങ്ങി. വീട്ടമ്മ എല്ലാം പങ്കുവെച്ചു. മറ്റാരോടും വിവരം പറയരുതെന്ന് വിളിച്ചയാൾ നിർദേശിച്ചു. ഫാൺകോൾ മണിക്കൂറുകളോളം തുടർന്നു. രാത്രി 11.30 ആയപ്പോൾ ഫോൺ ചൂടായി എന്നു പറഞ്ഞപ്പോഴാണ് നിർത്തിയത്. പിന്നീട് പിറ്റേദിവസം രാവിലെ 5 മണിക്ക് വീണ്ടും വിളിച്ചു. അക്കൗണ്ടിലെ പണം മുഴുവൻ അയച്ചുകൊടുത്താൽ കേസിൽ നിന്ന് ഒഴിവാക്കി തരാമെന്ന് അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഇവർ ബാങ്കിൽ എത്തിയത്. ഇവർ കഠിനമായ സമ്മർദത്തിലായിരുന്നുവെന്നും സമയോചിത ഇടപെലിലൂടെയാണ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടതെന്നും ബ്രാഞ്ച് മാനേജർ ഡെൽന ഡിക്സണും ബാങ്ക് ഉദ്യോഗസ്ഥൻ വിനോദ് ചന്ദ്രനുംപറഞ്ഞു.
bank-officer-about-digital-arrest
