നഗരസഭയിലെ വിവിധ ഡിവിഷനുകളിലായി തദ്ദേശ തെരഞ്ഞെടുപ്പ് പോരിനുള്ളത് ആറ് അധ്യാപകർ
പന്തളം: നഗരസഭയിലെ വിവിധ ഡിവിഷനുകളിലായി തദ്ദേശ തെരഞ്ഞെടുപ്പ് പോരിനുള്ളത് ആറ് അധ്യാപകർ. 6,7,8,9,10 ,28 ഡിവിഷനുകളിലാണ് റിട്ട. അധ്യാപികമാർ മത്സര രംഗത്തുള്ളത്. ആറാം ഡിവിഷനിൽ യു.ഡി.എഫിലെ ശാന്തി സുരേഷ്, ഏഴാം ഡിവിഷനിൽ യു.ഡി.എഫിലെ തങ്കമണി, എട്ടാം ഡിവിഷനിൽ എൽ.ഡി.എഫിലെ ലസിത നായർ, ഒമ്പതാം ഡിവിഷനിൽ എൽ.ഡി.എഫിലെ സാബീറ, പത്താം ഡിവിഷനിൽ എൽ.ഡി.എഫിലെ പ്രിയത ഭാരതൻ, 28ാം ഡിവിഷനിൽ യു.ഡി.എഫിലെ വത്സല, ഇതേ വാർഡിലെ ബി.ജെ.പിയുടെ ഗംഗകുമാരി പിള്ള എന്നിവരാണ് ജനവിധി തേടുന്ന അധ്യാപകർ, ലസിത നായർ ഒഴികെ എല്ലാവർക്കും കന്നി അങ്കമാണ്.
ശാന്തി സുരേഷ്, തങ്കമണി ടീച്ചർ, ലസിത നായർ എന്നിവർ പന്തളം എൻ.എസ്.എസ്. ഗേൾസ് ഹൈസ്കൂൾ അധ്യാപകരായിരുന്നു. ഡിവിഷൻ ആറായ മങ്ങാരം കിഴക്ക് എൽ.ഡി.എഫിലെ സീംന മേരി ഷാജി, നിലവിലെ ബി.ജെ.പി കൗൺസിലർ പി.കെ. പുഷ്പലത എന്നിവരാണ് ശാന്തി സുരേഷിന്‍റെ എതിരാളികൾ. ഡിവിഷൻ ഏഴ് തോന്നല്ലൂർ കിഴക്ക് തങ്കമണി ടീച്ചർക്കെതിരെ എൽ.ഡി.എഫിലെ ബി. മല്ലിക, ബി.ജെ.പിയിലെ ജയശ്രീ കളിക്കൽ എന്നിവരാണ് അങ്കം വെട്ടുന്നത്. ഡിവിഷൻ 8 തോന്നല്ലൂർ തെക്ക് എൽ.ഡി.എഫിലെ സിറ്റിങ് കൗൺസിലർ ലസിത നായർ പഠിപ്പിച്ച വിദ്യാർഥിനിയാണ് ബി.ജെ.പി. സ്ഥാനാർഥി ലക്ഷ്മി കൃഷ്ണ.
ഇവിടെ യുഡിഎഫിലെ എസ്.ഹസീനയും എസ്.ഡി.പി.ഐയിലെ തസ്നി ഹുസൈനും മത്സരംഗത്ത് സജീവമാണ്. ഏറെ വാശിയേറിയ മത്സരം നടക്കുന്ന ഒമ്പതാം ഡിവിഷനിൽ കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല ജോയിന്‍റ് സെക്രട്ടറി സാബീറ ടീച്ചർ കന്നിയങ്കത്തിൽ മിന്നുംപോരാട്ടമാണ് നടത്തുന്നത്. മുസ്ലിം ലീഗിലെ അഡ്വ. ഷിഫ ലത്തീഫ്, എസ്ഡിപിഐയിലെ മുബിന ഷാജി, ബി.ജെ.പിയിലെ പി. അശ്വതി എന്നിവരാണ് എതിർ സ്ഥാനാർഥികൾ.
ഡിവിഷൻ 10 കടക്കാട് എൽ.ഡി.എഫ്. സ്ഥാനാർഥി പ്രിയത ഭരതൻ നാടകകൃത്ത്, സംവിധായിക എന്നീ നിലകളിലും ശ്രദ്ധേയയാണ്. 2024 ൽ മികച്ച സാംസ്കാരിക പ്രവർത്തകയ്ക്കുള്ള അവാർഡ് ലഭിച്ചിരുന്നു. ഇവിടെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന മുസ്ലിം ലീഗിലെ അഡ്വ. യാമി സേതുകുമാറും പ്രിയത ഭരതനും ചേരിക്കൽ സ്വദേശികളാണ്. എസ്.ഡി.പി.ഐ സ്ഥാനാർഥി ജെ. അമ്പിളി, ബി.ജെ.പിയുടെ രാജമ്മ കുട്ടപ്പൻ എന്നിവരും മത്സര രംഗത്ത് ഉണ്ട്.
യു.ഡി.എഫിലെ വത്സല ടീച്ചറും ബി.ജെ.പിയിലെ ഗംഗ കുമാരി പിള്ളയും മത്സരിക്കുന്ന 28ാം ഡിവിഷനിൽ അധ്യാപികമാരുടെ പോരാട്ടമാണ്. എൽ.ഡി.എഫ് സ്ഥാനാർഥിയായി ഷിബിന ബഷീർ, എസ്.ഡി.പി.ഐ. സ്ഥാനാർഥി പി.എസ് അനീഷ എന്നിവരും മത്സരിക്കുന്നു.
six-teachers-in-competition-in-pandalam
