തിരഞ്ഞെടുപ്പുകാലമായാൽ സമ്മേളനങ്ങളാൽ നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് അടൂർ കെഎസ്ആർടിസി കോർണർ.
അടൂർ : തിരഞ്ഞെടുപ്പുകാലമായാൽ സമ്മേളനങ്ങളാൽ നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് അടൂർ കെഎസ്ആർടിസി കോർണർ. അത്രയേറെ വേദികളാണ് ഈ കോർണറിൽ ഒരോ തിരഞ്ഞെടുപ്പു കാലത്ത് പൊങ്ങുന്നത്. പണ്ടുകാലംമുതൽതിരഞ്ഞെടുപ്പ് എന്നു കേൾക്കുമ്പോൾതന്നെ അടൂരുകാർക്ക് പ്രസംഗമാണ് ഓർമ്മ വരുന്നത്. അത്ര വലിയ മൈതാനമൊന്നും അടൂരിൽ ഇല്ലെങ്കിലും അടൂർ കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിന് സമീപത്തെ ബസ് ബേയിലെ ആ കോർണർ തിരഞ്ഞെടുപ്പു കാലത്ത് സജീവമാണ്. 45 വർഷത്തിലേറെയായി തിരഞ്ഞെടുപ്പുകാലത്ത് ഒരിഞ്ചുപോലും മാറാതെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രസംഗവേദി ഒരുക്കുന്നത് ഇവിടെയാണ്. കേരളത്തിലെ പല പേരുകേട്ട രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാർ ഇവിടെ വന്ന് തീപാറും പ്രസംഗം നടത്തിയിട്ടുണ്ട്. കെഎസ്ആർടിസി ബസ്‌സ്റ്റാൻഡും സ്വകാര്യ ബസുകൾ നിർത്തുന്ന സ്ഥലവും ഇവിടെ ആയതിനാൽ എപ്പോഴും ആളുകൾക്ക് വരാനും പോകാനും സാധിക്കും. ഇതാണ് രാഷ്ട്രീയ പാർട്ടികൾ ഈ സ്ഥലം ഏറ്റെടുക്കാൻ കാരണം. ചില സന്ദർഭങ്ങളിൽ മാത്രമാണ് സമീപത്തെ ഗാന്ധി സ്മൃതി മൈതാനത്തിൽ വേദി ഒരുക്കേണ്ടി വന്നിട്ടുള്ളത്. ഇന്ന് മൈതാനം നവീകരണത്തിന്റെ പാതയിലായതിനാൽ അവിടെ ഒന്നും നടക്കില്ല. രാഷ്ട്രീയ പാർട്ടികളുടെ കേരള യാത്രകളുടെ സ്വീകരണ യോഗവും സമാപനയോഗവുമൊക്കെ കെഎസ്ആർടിസി കോർണറിലാണ് നടത്തുന്നത്. ചാനലുകൾ തിരഞ്ഞെടുപ്പ് സംവാദങ്ങൾ നടത്തുന്നതും ഈ കോർണറിലാണ്.
adoor ksrtc corner
