ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങിയ ദമ്പതികളെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
പന്തളം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങിയ ദമ്പതികളെ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേല്പിച്ചയാളെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല ചരുവിളതെക്കേതിൽ വീട്ടിൽ രാജേഷ് കുമാറാണ് (41) അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രി 9.30യോടെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോയ ദമ്പതികളെ മുൻവിരോധം നിമിത്തം തടഞ്ഞ് നിർത്തുകയും പിച്ചാത്തി ഉപയോഗിച്ച് സ്കൂട്ടറോടിച്ച ഭർത്താവിന്റെ കഴുത്തിൽ വെട്ടുകയുമായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കവേ ഇടതുകൈക്കും ആഴത്തിൽ മുറിവേറ്റു.
തടസ്സം പിടിച്ച സ്കൂട്ടർയാത്രികന്റെ ഭാര്യയെ പ്രതി സ്ക്വയർ ട്യൂബ് കൊണ്ട് നടുവിന് അടിക്കുകയും ചെയ്തു. പന്തളം പൊലീസ് ഇൻസ്പെക്ടർ റ്റി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിഷ്ണു. യു.വി, സി.പി.ഒമാരായ ശരത് പിളള, എസ്. അൻവർഷാ, അമൽഹനീഫ്, അർച്ചിത് സോമൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
previous-enmity-suspect-arrested-in-attack-on-couple
