പണം എണ്ണാൻ ആളില്ല; ദേവസ്വം ഭണ്ഡാരത്തിൽ മലപോലെ നാണയങ്ങൾ കുമിഞ്ഞുകൂടി
ശബരിമല ∙ പണം എണ്ണാൻ ആളില്ല. ദേവസ്വം ഭണ്ഡാരത്തിൽ മലപോലെ നാണയങ്ങൾ കുമിഞ്ഞുകൂടി. ദേവസ്വം ഭണ്ഡാരത്തിൽ 175 ജീവനക്കാരുടെ കുറവുണ്ട്. നിയമിക്കാൻ ദേവസ്വം ജീവനക്കാർ ഇല്ല. പകരം താൽക്കാലിക ജീവനക്കാരെ നിയമിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ആളെ കിട്ടുന്നില്ല. അതിനാൽ പണം എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്ത സ്ഥിതിയാണ്.
ഓരോ ദിവസവും കാണിക്കവഞ്ചി പൊട്ടിച്ചു കൊണ്ടുവരുന്നതിൽ നോട്ടുകൾ വേർതിരിച്ച് എടുത്ത ശേഷം നാണയങ്ങൾ ഭണ്ഡാരത്തിന്റെ ഒരു ഭാഗത്തേക്ക് മാറ്റിയിടുകയാണ്. മണ്ഡല കാലത്തെയും മകരവിളക്കിനു നട തുറന്നതിനു ശേഷവുമുള്ള നാണയങ്ങൾ ആയതോടെ കുന്നുപോലെ കൂടുകയാണ്. തീർഥാടനകാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ സേവനത്തിനായി എല്ലാവർഷവും 2000 താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതാണ്. ഇത്തവണ പലതവണ അപേക്ഷ ക്ഷണിച്ചു.
സെക്യൂരിറ്റി ഒഴികെയുള്ള താൽക്കാലിക ജീവനക്കാർക്ക് പ്രതിദിനം 650 രൂപയും സൗജന്യമായി താമസവും ഭക്ഷണവുമാണ് വാഗ്ദാനം നൽകിയിട്ടുള്ളത്. സെക്യൂരിറ്റി ജോലിക്ക് ദിവസം 900 രൂപയാണ് ശമ്പളം. താമസവും ഭക്ഷണവും വേറെ. എന്നാൽ ഇത്തവണ 1750 പേർ മാത്രമാണ് അപേക്ഷിച്ചത്. അതിൽ 1632 പേർക്ക് നിയമനം നൽകി. സന്നിധാനത്ത് എത്തിയ ശേഷം 50 പേർ തിരിച്ചു പോയി.
മകരവിളക്കിനു നട തുറന്ന ശേഷം തീർഥാടകരുടെ മഹാപ്രവാഹമായി. ഒപ്പം കാണിക്ക ഇനത്തിലെ വരുമാനവും കൂടി. അതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇപ്പോഴത്തെ സ്ഥിതിയിൽ മകരവിളക്കു കഴിഞ്ഞു നട അടച്ചാലും കാണിക്ക എണ്ണി തീരില്ല. റോബോട്ടുകളെ ഉപയോഗിച്ചു കാണിക്ക എണ്ണാനുള്ള പദ്ധതി നടപ്പാക്കാൻ 2023ൽ ദേവസ്വം ബോർഡ് പദ്ധതി തയാറാക്കി.
അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപന്റെ നേതൃത്വത്തിൽ തിരുപ്പതി സന്ദർശിച്ച് പഠനം നടത്തി. അത് വിജയമാണെന്നു കണ്ടു.ഇവിടെയും നടപ്പാക്കാൻ തീരുമാനിച്ചു. അപ്പോഴേക്കും അനന്തഗോപന്റെ കാലാവധി കഴിഞ്ഞു. പിന്നീട് വന്ന ദേവസ്വം ബോർഡിന് ഇതിൽ താൽപര്യം ഇല്ലാഞ്ഞതിനാൽ നടപ്പാക്കിയില്ല.
ഇതുകാരണം കഴിഞ്ഞ 2 വർഷമായി താൽക്കാലിക ജീവനക്കാരെ കൂടി ഭണ്ഡാരത്തിൽ നിയമിച്ചാണു കാണിക്ക എണ്ണി വന്നത്. പ്രതിസന്ധി രൂക്ഷമായതോടെ എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മുതൽ 4 വരെ സന്നിധാനത്തെ എല്ലാ ഡ്യൂട്ടി പോയിന്റിൽ നിന്നും 10 ജീവനക്കാരെ വീതം നാണയം എണ്ണാൻ ഭണ്ഡാരത്തിലേക്ക് അയയ്ക്കണമെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ നിർദേശിച്ചിട്ടുണ്ട്.
sabarimala-staff-shortage-coin-counting
