മലയാറ്റൂർ തീർഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മറിഞ്ഞു;മൂന്നുപേർക്ക് പരിക്ക്
തിരുവല്ല : മലയാറ്റൂർ തീർഥാടനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നുപേർക്ക് പരിക്കേറ്റു. കൊല്ലം കണ്ണമല സ്വദേശികളായ ബിജു ജോസഫ് (59), ആഷിക് ബിജി (19), റീത്ത (76) എന്നിവർക്കാണ് പരിക്കേറ്റത്. എം.സി. റോഡിൽ തിരുമൂലപുരത്ത് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം.
തിരുവല്ല ഭാഗത്തുനിന്ന് ചെങ്ങന്നൂർ ദിശയിലേക്ക് പോകവേയായിരുന്നു അപകടം. പിന്നാലെ എത്തിയ ടിപ്പറിന് മറികടന്നുപോകാൻ വശം നൽകുന്നതിനിടെ നിയന്ത്രണം തെറ്റുകയായിരുന്നു. റോഡ് വക്കിലെ വൈദ്യുത പോസ്റ്റുകളിലും കോൺക്രീറ്റ് തൂണുകളിലും ഇടിച്ച ശേഷം സമീപത്തെ പുരയിടത്തിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ACCIDENT

