ജാഗ്രതയോടെ പത്തനംതിട്ട ;ജില്ലയിൽ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്
പത്തനംതിട്ട: കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 24ന് 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് സാധാരണയെക്കാള്‍ 4-5 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലായിരിക്കും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ജില്ലയില്‍ മലയോര മേഖലകളിലൊഴികെ 26 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ ചൂട് അടുത്ത മൂന്നു ദിവസങ്ങളിൽ 39 ഡിഗ്രിയിലേക്ക് ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചതോടെ ജാഗ്രതയോടെ
ജില്ല. ഈ വേനൽക്കാലത്ത് ഇതുവരെ ജില്ലയിൽ 39 ഡിഗ്രി വരെ താപനില ഉയരുമെന്ന് പ്രവചിച്ചിട്ടില്ലായിരുന്നു.
ഇതോടെ ചൂടേറിയതും അസ്വസ്ഥത നിറഞ്ഞതുമായ അന്തരീക്ഷ സ്ഥിതി തുടരാനാണ് സാധ്യത. ജില്ലയിൽ താപനില ഉയരുന്നത് തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ല ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അൾട്രാ വയലറ്റ് സൂചിക ഏറ്റവും കൂടുതൽ രേഖപ്പെടുത്തുന്ന പ്രദേശങ്ങളായി ജില്ലയിലെ വിവിധ ഭാഗങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അതിജാഗ്രതയും ഗൗരവകരമായ മുൻകരുതലുകളും സ്വീകരിക്കേണ്ട ഓറഞ്ച് അലർട്ട് പട്ടികയിലാണ് ജില്ല ഇടം പിടിച്ചിരിക്കുന്നത്.
വേനൽക്കാലത്ത് തൊഴിലാളികളുടെ സമയക്രമം പുനഃക്രമീകരിച്ചെങ്കിലും തൊഴിൽസമയം മിക്കവർക്കും മാറ്റമില്ലാതെ തുടരുകയാണ്. മേയ് 20
വരെ ഉച്ചക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേളയാക്കിയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോഴും മിക്കയിടത്തും ഈ സമയത്ത് തൊഴിലാളികൾ ജോലി തുടരുകയാണ്. പരമാവധി വെള്ളം കുടിച്ചും പറ്റുമ്പോഴെല്ലാം തണലിലേക്കു മാറിയുമാണ് ഇവർ ഇപ്പോൾ മുന്നോട്ടുപോകുന്നത്. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ
ജോലിസമയം ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തണം. ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്കെല്ലാം സമീപത്തുതന്നെ കുടിവെള്ളം ഒരുക്കണം.
ഉച്ചസമയത്തു വെയിലിൽ സഞ്ചരിക്കേണ്ടി വരുന്ന പ്രധാന വിഭാഗമാണ് ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ. പരമാവധി ശരീരം മുഴുവൻ മറച്ചും പരമാവധി വെള്ളം കുടിച്ചുമാണ് ഇവർ മുന്നോട്ടുപോകുന്നത്. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ചസമയത്ത് സുരക്ഷിതരാണെന്ന് അതതു സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അൽപസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യണം.
heat-wave-warning-issued-in-the-district

