മരുന്നുവാങ്ങിയ ബില്ലുകൾ പട്ടികവർഗ ക്ഷേമ ഓഫിസിൽ നൽകിയിട്ടും മാറിക്കിട്ടുന്നില്ല; വലഞ്ഞ് പട്ടികവർഗ വിഭാഗം രോഗികൾ
റാന്നി ∙ മരുന്നുകൾ വാങ്ങുന്നതിനു പണം ലഭിക്കാത്തതു മൂലം പട്ടികവർഗ വിഭാഗം രോഗികൾ ദുരിതത്തിൽ. ബില്ലുകൾ പട്ടികവർഗ ക്ഷേമ ഓഫിസിൽ നൽകിയിട്ടും 4 മാസമായി പണം ലഭിക്കുന്നില്ല. ജില്ലയിലെ പട്ടികവർഗ വിഭാഗത്തിൽപെട്ട ഡയാലിസിസ്, ബൈപാസ്, പ്രമേഹം, ഹൃദയം എന്നീ രോഗികൾക്കു ഗവ. ആശുപത്രികളിൽനിന്നു ലഭ്യമല്ലാത്ത മരുന്നുകൾ മെഡിക്കൽ സ്റ്റോറുകളിൽനിന്നു വാങ്ങാം. അവയുടെ ബിൽ പട്ടികവർഗ ക്ഷേമ ഓഫിസിൽ ഹാജരാക്കിയാൽ പണം തിരികെ കിട്ടും.എന്നാൽ ഇപ്പോൾ ബില്ലുകൾ കൊടുത്തിട്ടും അത് മാറികിട്ടുന്നില്ല
ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസറും ജില്ലാ ക്ഷേമ ഓഫിസറും മുഖേനയാണു ബില്ലുകൾ ഡയറക്ടർ ഓഫിസിലേക്കു നൽകുന്നത്. പോർട്ടൽ സംവിധാനം ശരിയല്ലാത്തതുകൊണ്ടാണു ബില്ലുകൾ മാറിക്കിട്ടാത്തതെന്നാണു ബന്ധപ്പെട്ടവർ പറയുന്നത്. ഇതുമൂലം രോഗികൾ വലയുകയാണ്.ജില്ലാ ട്രൈബൽ ഓഫിസറും ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസറും റാന്നിയിൽ ഇല്ലാത്തതും ബുദ്ധിമുട്ടാകുന്നു. മഴക്കാലത്ത് പട്ടികവർഗ ഉന്നതികളിൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്ലാത്ത സ്ഥിതിയാണ്.
Tribal patients struggling as medical bills submitted to the Tribal Welfare Office remain unreimbursed
