ഹെൽമറ്റ് മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ തിരികെ നൽകി തടിയൂരി മധ്യവയസ്ക
തിരുവല്ല∙ തിരുവല്ല താലൂക്ക് ആശുപത്രി പരിസരം, മന്ത്രി കെ.മുരളീധരൻ പങ്കെടുത്ത ചടങ്ങ് നടക്കുന്നതിനിടയിൽ ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽനിന്നു മധ്യവയസ്ക ഹെൽമറ്റ് മോഷ്ടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഹെൽമറ്റ്, താലൂക്ക് ആശുപത്രിയിൽ തിരികെ ഏൽപിച്ചു മധ്യവയസ്ക തടിയൂരി. നിരണം മുണ്ടനാരി സ്വദേശിനിയാണ് മോഷണം നടത്തിയത്.
ചടങ്ങ് നടക്കുന്നതിനാൽ ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്റെ ഭാഗത്തെ പാർക്കിങ് ഒഴിവാക്കിയിരുന്നു. ഒപി പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിന്റെ ഭാഗത്തേക്ക് പാർക്കിങ് മാറ്റി. ഇവിടെ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്നുമാണ് ഇവർ ഹെൽമറ്റ് മോഷ്ടിച്ചത് . മോഷണ ദൃശ്യങ്ങൾ താലൂക്ക് ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. മോഷ്ടിച്ച ഹെൽമറ്റ് ഇവർ താലൂക്ക് ആശുപത്രിയിൽ എത്തി നഴ്സിങ് സൂപ്രണ്ടിന് കൈമാറി. മധ്യവയസ്ക എത്തുമ്പോൾ യോഗത്തിൽ പങ്കെടുക്കുകയായിരുന്നെന്നും ഫോൺ നമ്പർ നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. മഞ്ജു ഏബ്രഹാം പറഞ്ഞു. സംഭവത്തിൽ ഹെൽമറ്റ് നഷ്ടപ്പെട്ടയാൾ പരാതി നൽകിയിരുന്നു.
Helmet theft: Middle-aged man escapes trouble by returning it after CCTV footage surfaces






