തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറച്ചു;യാത്രക്കാർ ദുരിതത്തിൽ
തിരുവല്ല ∙ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ടിക്കറ്റ് എടുക്കാൻ ഒരു കൗണ്ടർ മാത്രം. അരമണിക്കൂർ നിന്നാലും ടിക്കറ്റ് കിട്ടാത്ത അവസ്ഥ. ക്യൂവിൽ നിൽക്കുന്നവർക്കു പലപ്പോഴും ഉദ്ദേശിച്ച ട്രെയിനിൽ യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതി. രാവിലെ 7.30 മുതൽ 10 വരെയുള്ള സമയത്താണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഇതു കൂടാതെ വൈകിട്ട് 4.30മുതൽ 6.30വരെയും തിരക്ക് അനുഭവപ്പെടുന്നു.മുൻപ് 4 കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. എന്നാൽ മാസങ്ങളായി 2 കൗണ്ടറുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ടിക്കറ്റിനും റിസർവേഷനും ഒന്നുവീതം മാത്രം.
സാങ്കേതിക തകരാർ ഉണ്ടായാൽ ഒരു കൗണ്ടർ മാത്രമായിരിക്കും പ്രവർത്തിക്കുക. യാത്രക്കാർക്ക് സ്വയം ടിക്കറ്റ് എടുക്കുന്നതിനുള്ള മെഷീൻ ഉണ്ടെങ്കിലും ഇതിന്റെ പ്രവർത്തനം തുടങ്ങിയിട്ടില്ല. തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാരാണു കൂടുതലായി ബുദ്ധിമുട്ടുന്നത്. സീസൺ ടിക്കറ്റുകാരും വലയുന്നു. തിരക്കുള്ള സമയങ്ങളിൽ 50 പേരെങ്കിലും ക്യൂവിൽ ഉണ്ടാകും. ട്രെയിൻ സമയത്തിന് അരമണിക്കൂർ മുൻപ് സ്റ്റേഷനിൽ എത്തിയാലും ടിക്കറ്റ് എടുത്ത് ഉദ്ദേശിച്ച ട്രെയിനിൽ പോകാൻ പറ്റാത്ത സ്ഥിതിയാണെന്നു യാത്രക്കാർ പറയുന്നു. ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ല മോടിപിടിപ്പിക്കാൻ കോടികൾ മുടക്കിയെങ്കിലും യാത്രക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല
Ticket counters reduced at Thiruvalla railway station; passengers in distress




