ലക്ഷ്യം കാണിക്കവഞ്ചികൾ; അടൂർ മണക്കാല കോട്ടൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണവും പണവും കവർന്നത് സ്ഥിരം മോഷ്ടാവെന്ന് സൂചന
അടൂർ ∙ മണക്കാല അന്തിച്ചിറ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ കാണിക്കവഞ്ചികളിലെ പണവും സ്വർണത്താലികളും മോഷ്ടിച്ചത് കാണിക്കവഞ്ചിയിലെ പണം സ്ഥിരം കവരുന്ന മോഷ്ടാവ്.അമ്പലം പ്രസാദ് എന്നു വിളിക്കുന്ന കൊല്ലം ചന്ദനതോപ്പു കുറുവേലിൽ താഴേതിൽ പ്രസാദും(62) സംഘവും ചേർന്നാണ് ഈ ക്ഷേത്രത്തിലെ കാണിക്കവഞ്ചികളിലെ പണവും സ്വർണത്താലികളും മോഷ്ടിച്ചത്. ഇവർ എറണാകുളം തൃക്കരിപ്പൂരിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണ കേസിൽ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തപ്പോൾ കോട്ടൂർ ക്ഷേത്രത്തിലും മോഷണം നടത്തിയ വിവരം അവിടത്തെ പൊലീസിനോട് സമ്മതിച്ചത്. അവിടെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡു ചെയ്തിരുന്ന പ്രതികളിൽ അമ്പലം പ്രസാദിനെ അടൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം ഇന്നലെ ക്ഷേത്രത്തിൽ എത്തിച്ച് തെളിവെടുപ്പു നടത്തി. ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച ഒൻപതിനായിരത്തോളം രൂപ ഇയാൾ ധൂർത്തടിച്ചതായും പൊലീസ് പറഞ്ഞു. പ്രസാദിനൊപ്പം രണ്ടു പേർ കൂടി മോഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
Targeting offering boxes; indications suggest a habitual offender stole gold and money from Adoor Manakkala Kottoor Bhagavathy Temple




