പത്തനംതിട്ട : പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ നിന്നും പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളെ പൂർണ്ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 24-ന് ഹർത്താലാചരിക്കും. സി.പി.ഐ(എം) നേതൃത്വത്തിൽ നടത്തുന്ന ഹർത്താൽ പ്രഖ്യാപനം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമാണ് അറിയിച്ചത്.
കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട് എന്നീ വില്ലേജുകളിലും, റാന്നി താലൂക്കിലെ വടശ്ശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ വില്ലേജുകളിലുമാണ് ഹർത്താൽ ആചരിക്കുന്നത്. ഹർത്താലിന് മുന്നോടിയായി ഒക്ടോബർ മൂന്നാം വാരം ഈ വില്ലേജുകളിൽ വാഹന പ്രചാരണ ജാഥയും പര്യടനം നടത്തും.
കരട് വിജ്ഞാപനം അന്തിമമായാൽ ഈ മേഖലകളിൽ കൃഷിയും വീട് നിർമ്മാണവും ഉൾപ്പെടെയുള്ള അടിസ്ഥാന കാര്യങ്ങൾക്ക് പോലും വനംവകുപ്പിന്റെ കീഴിലുള്ള എൻവയൺമെന്റൽ അതോറിറ്റിയുടെ അനുമതി വാങ്ങേണ്ടി വരുമെന്ന് രാജു ഏബ്രഹാം കുറ്റപ്പെടുത്തി. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ ചുവടുപിടിച്ച് ഇടുക്കി കളക്ടർ ഇറക്കിയ ഉത്തരവിനെതിരെ അവിടെ ഈ മാസം 16-ന് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
റീ-നോട്ടിഫിക്കേഷനിൽ പരാതി അറിയിക്കാൻ സെപ്റ്റംബർ 25 വരെ സമയമുണ്ടായിരുന്നിട്ടും, പത്തനംതിട്ടയിലെ ഒരു വില്ലേജിനെ പോലും ഒഴിവാക്കാൻ ശുപാർശ ചെയ്യാത്ത സംസ്ഥാന സർക്കാരിന്റെ നിലപാട് ജില്ലയോടുള്ള കൊടുംചതിയാണെന്ന് സി.പി.ഐ(എം) ആരോപിച്ചു. ഈ വില്ലേജുകളെ പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. നിലവിൽ തന്നെ ഇവിടെ വസ്തു വിൽപ്പനയും പട്ടയ നടപടികളും തടസ്സപ്പെട്ടിരിക്കുകയാണ്. മതമേലധ്യക്ഷന്മാരും സാമുദായിക സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും സർക്കാർ കണ്ണിൽ ചോരയില്ലാത്ത നടപടിയാണ് സ്വീകരിച്ചതെന്നും സി.പി.ഐ(എം) വ്യക്തമാക്കി.
pathanamthitta







